Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ മൂന്നു വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. എസ്ഐടിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ഗൂഢാലോചനയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. എഫ്‌ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല.
മത വിശ്വാസങ്ങളെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമം, സര്‍ക്കാരിനെതിരെ യുദ്ധത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക, ഗൂഢാലോചന തുടങ്ങിയ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
പൂരം കലക്കലില്‍ നേരത്തെ തന്നെ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍ ജയകുമാര്‍ എന്നിവരാണു സംഘത്തിലുള്ളത്.