എകെജി സെന്ററിലെ എൽകെജി കുട്ടിയെന്ന് ബിജെപി, ഓട് പൊളിച്ച് വന്നതല്ലെന്ന് മേയർ: നഗരസഭാ യോഗത്തിൽ വാക്കേറ്റം
തിരുവനന്തപുരം നഗരസഭാ കൗൺസില്‍ യോഗത്തിൽ മേയറും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റം. എ.കെ.ജി സെന്‍ററിലെ എല്‍.കെ.ജി കുട്ടിയെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിന്, ഓട് പൊളിച്ച് വന്നതല്ലെന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍റെ മറുപടി. ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ ലോറികള്‍ വാടകക്കെടുത്തതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ പ്രമേയം നഗരസഭ തള്ളി.
കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് ഇത്തവണ പൊതു നിരത്തുകളില്‍ ആറ്റുകാല്‍ പൊങ്കാലയുണ്ടായിരുന്നില്ല. എന്നാല്‍ പൊങ്കാലക്ക് ശേഷമുള്ള മാലിന്യം നീക്കം ചെയ്യാന്‍ മുന്‍കൂര്‍ പണം നല്‍കി 21 ലോറികള്‍ വാടകക്ക് എടുത്തെന്നാണ് ആരോപണം. ഇതിനായി 3,57,800 രൂപയും ചെലവായി. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.
പൊതു സ്ഥലങ്ങളില്‍ പൊങ്കാലയുണ്ടായില്ലെങ്കിലും 28 ലോഡ് മാലിന്യം ആ ദിവസം നീക്കം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷത്തെ പ്രതിരോധം. കൗൺസില്‍ യോഗത്തിനിടെ പലതവണ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തനിക്കെതിരായ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും മേയര്‍ മറുപടി നല്‍കി.
വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യം 33നെതിരെ 54 വോട്ടിന് നഗരസഭാ കൗൺസില്‍ തള്ളി. യു.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.