കോവിഡിൽ അടച്ചുപൂട്ടിയത് ഇരുപതിനായിരം കടകൾ; വ്യാപാരികൾ നേരിടുന്നത് വൻ പ്രതിസന്ധി

രജിസ്‌ട്രേഷൻ റദ്ദാക്കൽ നടപടി ക്രമങ്ങളും വ്യാപാരികൾക്ക് തലവേദനയാകുകയാണ്.

Update: 2021-07-14 08:10 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: ജിഎസ്ടി രജിസ്‌ട്രേഷനുള്ള ഇരുപതിനായിരം വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മഹാമാരിക്കിടെ സംസ്ഥാനത്ത് അടച്ചുപൂട്ടിയെന്ന് കണക്ക്. രജിസ്‌ട്രേഷൻ റദ്ദാക്കാൻ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പിന് നൽകിയ അപേക്ഷ അനുസരിച്ചുള്ള കണക്കാണിത്. രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചിരുന്ന അനേകായിരം കടകളും പ്രവർത്തനം നിർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപാരി സമൂഹം അനുഭവിക്കുന്ന പ്രതിസന്ധിയുടെ നേർച്ചിത്രമാണ് കണക്കുകളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പൂട്ടിയ കടകളിൽ 60 ശതമാനം റെസ്റ്ററൻഡുകളാണ്. ഇടത്തരം ജ്വല്ലറികൾ, ബ്രാൻഡഡ് ഷോപ്പുകൾ, ടൂറിസം കേന്ദ്രങ്ങളിലെ കടകൾ എന്നിവയാണ് മറ്റുള്ളവ. മാതൃഭൂമി ഇംഗ്ലീഷാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

രജിസ്‌ട്രേഷൻ റദ്ദാക്കൽ നടപടി ക്രമങ്ങളും വ്യാപാരികൾക്ക് തലവേദനയായിട്ടുണ്ട്. റദ്ദാക്കൽ അപേക്ഷ ജിഎസ്ടി വകുപ്പ് അംഗീകരിച്ചാൽ മൂന്ന് മാസത്തിനകം അന്തിമ നികുതി റിട്ടേൺ ഫയൽ ചെയ്യണം. അല്ലെങ്കിൽ പതിനായിരം രൂപയാണ് പിഴ. ഇതില്‍ വീഴ്ച വരുത്തിയാല്‍ അമ്പതിനായിരം രൂപ വരെ പിഴ ഒടുക്കേണ്ടി വരും. 

വിഷയത്തിൽ ഇടപെടണമെന്ന് വ്യാപാരി സംഘടനകൾ സർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. റെസ്റ്ററൻഡുകളിൽ 20 ലക്ഷത്തിന് മുകളിൽ വിൽപ്പന നടക്കുന്ന സ്ഥാപനങ്ങൾക്കാണ് ജിഎസ്ടി രജിസ്‌ട്രേഷൻ നിർബന്ധമുള്ളത്.

അതിനിടെ, വരുമാനം കുറഞ്ഞ സാഹചര്യത്തിൽ നികുതി പിരിവ് ഊർജിതമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജിഎസ്ടി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നികുതി വരുമാനം കുത്തനെ ഇടിഞ്ഞെന്നും ശമ്പള-പെൻഷൻ പരിഷ്‌കരണം, കോവിഡ് അനുബന്ധ ചെലവുകൾ എന്നിവ മൂലം ചെലവ് വർധിച്ചുവെന്നും മന്ത്രി പറയുന്നു. 

പ്രതിഷേധത്തിന് വൻ ജനപിന്തുണ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സർക്കാറിനെതിരെ രംഗത്തു വന്നു. ഇത് സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

മനസ്സിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

കടയടപ്പിക്കാനുള്ള നടപടികളുമായി പൊലീസ് ഇറങ്ങിയാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നാണ് സുധാകരൻ പ്രഖ്യാപിച്ചത്. ആശ്വസിപ്പിച്ച് കൂടെ നിർത്തേണ്ട ബിസിനസ് സമൂഹത്തെ മുഖ്യമന്ത്രി ശത്രുക്കളായാണ് കാണുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News