ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു
ഹരിപ്പാട് സ്വദേശികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്
ആലപ്പുഴ: പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് തേടി.
ഇന്നലെ രാത്രിയാണ് സംഭവം. അപൂർവ രോഗാവസ്ഥയാണ് മരണത്തിന് കാരണമെന്ന് ആശുപത്രിസൂപ്രണ്ടിന്റെ വിശീദകരണം. ഇന്നലെ പകൽ തന്നെ ഒരു കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ രണ്ടുകുഞ്ഞുങ്ങളും മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ മരണത്തില്‍ ബന്ധുക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ല. രണ്ടുകുഞ്ഞുങ്ങളുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥമരണകാരണം വ്യക്തമാകുകയൊള്ളൂ.
അടുത്തിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് വലിയ വാർത്തായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആറ് ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഈ സംഭവത്തിലും സൂപ്രണ്ട് വിശദമായ റിപ്പോർട്ട് തേടിയത്.