എന്റെ പ്രസംഗം വളച്ചൊടിച്ചു, ഭരണഘടനയെ ബഹുമാനിക്കുന്നു: സജി ചെറിയാൻ
ചട്ടം 64 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് മുൻ മന്ത്രി ഇക്കാര്യം പറഞ്ഞത്
തിരുവനന്തപരും: വിവാദമായ തന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ടുവെന്നും ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും മുൻ മന്ത്രി സജി ചെറിയാൻ. ചട്ടം 64 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭരണഘടന ആമുഖം വായിച്ച സജി ചെറിയാൻ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്ന ആളാണ് താനെന്നും വ്യക്തമാക്കി. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കമെന്നും ഭരണഘടന മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്നുവെന്ന ആശങ്കയാണ് താൻ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജി വെച്ചതെന്നും നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
അംബേദ്കറിനെ പോലും അപമാനിച്ചു എന്ന് പ്രചരിപ്പിച്ചുവെന്നും പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും ഇതിൽ ദു:ഖവും ഖേദവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും പൊതുപ്രവർത്തന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും 43 വർഷം ഒരു പാട് അക്രമങ്ങൾ നേരിടേണ്ടി വന്നുവെന്നും മുൻ മന്ത്രി പറഞ്ഞു.
Twisted My speech, respects the Constitution: Saji Cherian