ടൗൺ പ്ലാനിംഗ് ഓഫിസിനായി ഒരേസമയം പണിതത് രണ്ടു കെട്ടിടങ്ങൾ; തിരിച്ചറിഞ്ഞത് ഏഴു വർഷത്തിന് ശേഷം
സംഭവത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി
കോട്ടയം: നഗരത്തിൽ ടൗൺ പ്ലാനിംഗ് ഓഫിസിനായി ഒരേസമയം രണ്ടു കെട്ടിടങ്ങൾ പണിതത് വിവാദത്തിൽ. ഹെഡ് ഓഫ് അക്കൗണ്ട് രേഖപ്പെടുത്തിയതിൽ ഉണ്ടായ പിഴവാണ് ഇതിന് കാരണമായതെന്നാണ് വിശദീകരണം. സംഭവത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി.
കോട്ടയം നഗര മധ്യത്തിൽ മിനി സിവിൽ സ്റ്റേഷനിലാണ് ടൗൺ പ്ലാനിംഗ് വിഭാഗത്തിനായി ആദ്യം ഓഫീസ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇതിന് പിന്നാലെ ജില്ലാ ജയിലിന് സമീപത്തും ടൗൺ പ്ലാനിംഗിനായി മറ്റൊരു കെട്ടിടവും പണി തുടങ്ങി. റവന്യു വകുപ്പിൻറെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് നിർമാണം നടത്തിയത്.
രണ്ടു പണികളുടെയും ബിൽ മരാമത്ത് വകുപ്പിലെ ധനകാര്യവിഭാഗത്തിൽ എത്തിയപ്പോഴാണ് രണ്ട് കെട്ടിടവും ഒരു ഓഫീസിന് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ സംഭവം വിവാദമായി. പിഴവ് മനസിലായപ്പോഴക്കും രണ്ടു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രതിപക്ഷ ആരോപണം.
ഹെഡ് ഓഫ് അക്കൗണ്ട് തെറ്റായി രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവ് മാത്രമാണെന്നാണ് ഉണ്ടായതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം. 2015ലാണ് കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയത്. പിഴവ് തിരിച്ചറിയുന്നതാകട്ടെ ഏഴു വർഷത്തിന് ശേഷവും. മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമിക്കുന്ന കെട്ടിടത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ഓഫിസാണ് സജ്ജമാക്കുന്നതെന്നും ഉദ്യോഗസ്ഥർ ഇപ്പോൾ ന്യായീകരിക്കുന്നുണ്ട്.