തിരുവനന്തപുരത്ത് ബൈക്ക് റേസിനിടെ അപകടം; രണ്ടുപേർ മരിച്ചു
വിഴിഞ്ഞം കല്ലുവെട്ടാങ്കുഴിയിലാണ് അപകടമുണ്ടായത്
തിരുവനന്തപുരത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചൊവ്വര സ്വദേശി ശരത്(20), നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ്(22) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് വിഴിഞ്ഞം മുക്കോളിക്കലിലാണ് സംഭവം നടന്നത്. അമിത വേഗത്തിൽ ഇരുവശത്തുനിന്ന് വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിത്. ഇന്ന് രാവിലെയും അമിത വേഗത്തിൽ ഓടിച്ച അഞ്ചു ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. രണ്ടു മാസം മുമ്പ് പൊന്മുടി കേന്ദ്രീകരിച്ച് നടന്ന ബൈക്ക് റേസിനിടെ അപകടം നടന്നിരുന്നു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ മറ്റു വാഹനാപകടങ്ങളിൽ അഞ്ച് മരണം. കണ്ണൂർ പാപ്പിനിശേരിയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേരും പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്‌കൂട്ടർ യാത്രികനും കോഴിക്കോട് ചേളന്നൂരിൽ കാർ മതിലിൽ ഇടിച്ച് രണ്ടു പേരുമാണ് മരിച്ചത്.കോഴിക്കോട് ചേളന്നൂർ കുമാരസ്വാമിയിലെ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഇരുപതുകാരൻ മരിച്ചു. പാലത്ത് കൊല്ലരുകണ്ടി പ്രഫുൽദേവാണ് മെഡിക്കൽ കോളജിൽ വെച്ച് ഉച്ചയോടെ മരിച്ചത്. ഇതോടെ മരണം രണ്ടായി. പ്രഫുലിന്റെ സുഹൃത്ത് പാലത്ത് പൊറ്റമ്മൽ അഭിനന്ദ് അപകടം നടന്നയുടനെ മരിച്ചിരുന്നു. കാർ മതിലിടിച്ച് മറിഞ്ഞാണ് അപകടം. മൂന്ന് പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസ് ദേഹത്ത് കയറി ഇറങ്ങി സ്‌കൂട്ടർ യാത്രക്കാരനായ കണ്ടന്തറ സ്വദേശി പരീകുഞ്ഞാണ് മരിച്ചത്. രാവിലെ ഏഴിനായിരുന്നു അപകടം. കാറിന് സൈഡ് നൽകുന്നതിനിടെ സ്‌കൂട്ടർ തെന്നി മറിയുകയായിരുന്നു. തെറിച്ച് വീണ പരീകുഞ്ഞിന്റെ ദേഹത്ത് കൂടെ ബസ് കയറി തത്ക്ഷണം മരിച്ചു.
മറ്റൊരു അപകടം കണ്ണൂർ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കണ്ണപുരം പാലത്തിന് സമീപമാണ് ഉണ്ടായത്. രാവിലെ ഏഴ് മണിയോടെ ആണ് അപകടം. രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. യോഗശാല സി ആർ സി റോഡിലെ മുക്കോത്ത് നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റിലെ സമദ് എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാൻ റോഡരികിൽ നിൽക്കുകയായിരുന്ന ഓട്ടോ ടാക്‌സി ഡ്രൈവറെയും സ്‌കൂട്ടർ യാത്രക്കാരനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങൾക്കും ഒരു ഓട്ടോ-ടാക്‌സിക്കും കേടുപാടുകൾ പറ്റി.
Two people killed While bike Rising