ടൈഫോയ്ഡ് വാക്‌സീൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി
165 രൂപ വിലയുള്ള ഒരു ഡോസ് വാക്‌സീന് 1400ലധികം രൂപയാണ് സ്വകാര്യ കമ്പനികൾ ഈടാക്കിയിരുന്നത്
Update: 2023-02-14 15:47 GMT
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്‌സീൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അവശ്യ മരുന്നല്ലാത്തതിനാൽ വാക്‌സീൻ കാരുണ്യ വഴി നേരത്തേ ലഭിച്ചിരുന്നില്ല. ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്‌സീൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ടൈഫോയ്ഡ് വാക്‌സീന് സ്വകാര്യ കമ്പനികൾ അമിത വില ഈടാക്കുന്നുവെന്നാരോപിച്ച് വ്യാപാരി ഏകോപന സമിതിയിടക്കം നേരത്തേ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 165 രൂപ വിലയുള്ള ഒരു ഡോസ് വാക്‌സീന് 1400ലധികം രൂപയാണ് സ്വകാര്യ കമ്പനികൾ ഈടാക്കിയിരുന്നത്. സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിന് പിന്നാലെ വാക്‌സീന്റെ പേരിൽ വലിയ കൊള്ള നടക്കുന്നുണ്ടെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.