അലനും താഹയും മാവോയിസ്റ്റ് ബന്ധമുള്ളവര്‍; പന്തീരാങ്കാവ് യുഎപിഎ കേസില്‍ നിലപാടുമാറ്റമില്ലെന്ന് പി. മോഹനന്‍
കേസില്‍ അന്വേഷണ കമ്മീഷനെവച്ച് പാര്‍ട്ടി ഇക്കാര്യം പരിശോധിച്ചതാണ്
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സി.പി.എം നിലപാടിൽ മാറ്റമില്ല. അലനും താഹയും സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലർത്തിയെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ മറുപടി നൽകി. കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്കാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി.
സിപിഎം കോഴിക്കോട് സൌത്ത് ഏരിയാ കമ്മറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. യുഎപിഎ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ചോദ്യത്തിനുള്ള മറുപടി പ്രസംഗത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ നിലപാട് വ്യക്തമാക്കിയത്.
യുഎപിഎ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. കേസില്‍ അന്വേഷണ കമ്മീഷനെവച്ച് പാര്‍ട്ടി ഇക്കാര്യം പരിശോധിച്ചതാണ്. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് സിപിഎമ്മില്‍ നിന്ന് ഇരുവരെയും പുറത്താക്കിയത്. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.