പുതുപ്പള്ളി തൂത്തുവാരിയ യു.ഡി.എഫിന്‍റെ ഇലക്ഷൻ മാനേജ്‌മെന്‍റ്; രണ്ടാം ദൗത്യവും ജയിച്ച് സതീശൻ
എൽ.ഡി.എഫിനെ കടത്തിവെട്ടി സാമുദായിക സംഘടനകളെ ഒപ്പംനിർത്താനുള്ള സോഷ്യൽ എൻജിനീയറിങ് പാടവവും പുതുപ്പള്ളിയിൽ യു.ഡി.എഫ് കാട്ടി
തിരുവനന്തപുരം: പുതുപ്പള്ളിയിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നിൽ ഇലക്ഷൻ മാനേജ്‌മെന്റും നിർണായകമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം മണിക്കൂറിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുതൽ പ്രതിപക്ഷ നേതാവടക്കം പുതുപ്പള്ളിയിൽ ക്യാംപ് ചെയ്ത് സംഘടനാ സംവിധാനം കുറ്റമറ്റതാക്കി. സാമുദായിക സംഘടനകളെ ഒപ്പംനിർത്താനുള്ള സോഷ്യൽ എൻജിനീയറിങ് പാടവവും പുതുപ്പള്ളിയിൽ യു.ഡി.എഫ് കാട്ടി.
അനുകൂല സാഹചര്യത്തിൽ ചെറിയ വിജയമൊന്നും പോരായിരുന്നു പുതുപ്പള്ളിയിൽ പ്രതിപക്ഷത്തിന്. അതിനാൽ സകല അടവും പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പരസ്യപ്രചാരണത്തിലേക്കു കടന്നതുമുതൽ മുൻതൂക്കം പ്രകടിപ്പിക്കാൻ പ്രതിപക്ഷത്തിനായി.
പ്രതിപക്ഷ നേതാവ് തന്നെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചു. തെരഞ്ഞെടുപ്പ് ഓഫീസുകളിലെ പതിവ് ആൾക്കൂട്ടം ഒഴിവാക്കി എല്ലാവരെയും ഫീൽഡിലിറക്കി പ്രതിപക്ഷ പ്രചാരണത്തെ താഴേതട്ടിലേക്ക് എത്തിച്ചു. പഞ്ചായത്തുതല ചുമതല ഡി.സി.സികൾക്കു നൽകി. ഒരു ഡി.സി.സിക്ക് ഒരു പഞ്ചായത്തിന്റെ ചുമതല വീതം നൽകി സംസ്ഥാനത്താകെയുള്ള സംഘടനാ സംവിധാനത്തെ പുതുപ്പള്ളിയിൽ വിന്യസിച്ചു.
ഇൻചാർജ്ജുമാരായി തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി ജോസഫും പ്രതിപക്ഷ നേതാവിനൊപ്പം പ്രചാരണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. കെ.പി.സി.സി ഭാരവാഹികൾക്കും എം.എൽ.എമാർക്കും എം.പിമാർക്കും പഞ്ചായത്തുകളുടെ പ്രത്യേക ചുമതല നൽകി. സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽനിന്ന് മാധ്യമശ്രദ്ധ മാറ്റിനിർത്താനും ബോധപൂർവം ശ്രമിച്ചു. യു.ഡി.എഫിനോട് എതിർപ്പ് ഉണ്ടായിരുന്ന സഭാനേതൃത്വങ്ങളെയും ഇതിലൂടെ അനുനയിപ്പിക്കാനായതും നേട്ടമായി.
ദിവസേന നാലുതവണ അവലോകനയോഗങ്ങൾ നടത്തി. 300 കുടുംബയോഗങ്ങൾ വരെ ആകെ നടത്തി. എ.കെ ആന്റണിയും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഒപ്പം ഘടകകക്ഷി നേതാക്കളെയും പ്രചാരണരംഗത്ത് വിനിയോഗിച്ചു. സി.പി.എം ഉയർത്തിയ ചികിത്സാവിവാദം അടക്കമുള്ളവയ്ക്ക് കൃത്യസമയത്തും മറുപടി പറഞ്ഞും അവഗണിക്കേണ്ട പ്രചാരണങ്ങളോട് മുഖംതിരിച്ചും കൂട്ടായ പ്രചാരണതന്ത്രം ഒരുക്കാൻ പ്രതിപക്ഷത്തിനായി. തീരുമാനങ്ങളെല്ലാം അപസ്വരങ്ങളില്ലാതെ പഴുതടച്ച് പ്രാവർത്തികമാക്കാൻ കഴിഞ്ഞതും നേട്ടമായി. തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും ലഭിച്ച ഉജ്ജ്വല വിജയം പ്രചാരണം നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യക്തിപരമായ നേട്ടമാവും.
Summary: UDF election management was also crucial behind Chandy Oommen's resounding victory in Puthuppally by-election