നവകേരള യാത്ര പാലക്കാട്ടെത്തുമ്പോൾ പങ്കെടുക്കാൻ യുഡിഎഫ് നേതാക്കളുമുണ്ടാകും: എ.കെ ബാലൻ
കോൺഗ്രസ്സിനൊപ്പം അധികനാൾ നിൽക്കാൻ മുസ്‌ലിം ലീഗിന് പറ്റില്ലെന്നും എ.കെ ബാലൻ
പാലക്കാട്: നവകേരള യാത്ര പാലക്കാട് എത്തുമ്പോൾ യുഡിഎഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് അടക്കം പരിപാടിക്കെത്തുമെന്നും യുഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50000 രൂപ നവകേരള സദസിനായി തന്നുവെന്നും എ.കെ ബാലൻ പറഞ്ഞു. കോൺഗ്രസ്സിനൊപ്പം അധികനാൾ നിൽക്കാൻ മുസ്‌ലിം ലീഗിന് പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പാലക്കാട് ജില്ല ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ സ്വീകരണമാവും സദസ്സിന് ലഭിക്കുക. യുഡിഎഫിലെ തന്നെ പ്രമുഖർ സദസ്സിൽ പങ്കെടുക്കും. അണികൾ നല്ല രൂപത്തിൽ അണി ചേരും. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50000 രൂപയാണ് നവകേരളയ്ക്കായി നൽകാൻ തീരുമാനിച്ചത്. കേരളത്തിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ് എവി ഗോപിനാഥ്. അദ്ദേഹം ഈ സംരംഭത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
യുഡിഎഫിലെ നേതാക്കൾക്ക് നല്ല ടെൻഷൻ ആകും. മുഖ്യമന്ത്രിയുടെ വേദി ലീഗ് നേതാവ് എൻഎ അബൂബക്കർ ഹാജി പങ്കിട്ടതും അബ്ദുൽ ഹമീദ് കേരള ബാങ്കിന്റെ ഡയറക്ടറായതുമൊക്കെ നമ്മൾ കണ്ടു. ഫലസ്തീൻ വിഷയത്തിൽ മനസ്സ് എൽഡിഎഫിന്റെ കൂടെയും ശരീരം യുഡിഎഫിന്റെ കൂടെയുമാണെന്നാണ് ലീഗ് നേതാക്കൾ പൊതുസമൂഹത്തോട് പറഞ്ഞത്.
ഇതിന് മുമ്പ് കേരളീയം പരിപാടിയിൽ യുഡിഎഫിലെയും ബിജെപിയിലെയും അണികൾ ഒഴുകിയെത്തി. ഇത് സൂചിപ്പിക്കുന്നത് കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ ജനതയും യുഡിഎഫിലെ ചില നേതാക്കളും എൽഡിഎഫിനൊപ്പം നിൽക്കുന്നു എന്നാണ്. നവകേരളയുടെ മൂന്നാം ദിവസവും ലഭിക്കുന്ന പിന്തുണ ചെറുതല്ല. ഒരു സർക്കാരിനും അനുകൂലമായി കാണാത്ത ജനകീയ തള്ളിച്ചയാണ് സദസ്സിന് ലഭിച്ചത്.
ഞങ്ങൾ ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. അവർ യുഡിഎഫിൽ നിന്ന് മാറാനും തീരുമാനിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ ഇന്നത്തെ സമീപനം വെച്ച് മുസ്‌ലിം ലീഗിന് അവരുമായി അധികകാലം ചേർന്നു പോകാൻ സാധിക്കുമെന്ന് കരുതുന്നില്ല". ബാലൻ പറഞ്ഞു