കത്ത് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് തുമ്പില്ല; പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭമെന്ന് വി.ഡി സതീശൻ
ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് വാലുംതുമ്പുമില്ലാത്ത കേസ് ഇപ്പോള്‍ ഈ കേസില്‍ പ്രതിയായ ആനാവൂര്‍ നാഗപ്പനാണ് അന്വേഷിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടി തന്നെയാണ് അന്വേഷണ ഏജന്‍സി. ഇത് പരിതാപകരമാണ്.
തിരുവനന്തപുരം: കോർപറേഷൻ കത്ത് കേസിൽ സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കത്ത് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് വാലും തുമ്പുമില്ല. കത്ത് വ്യാജമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സർക്കാർ ക്രൈംബ്രാഞ്ചിനെ പരിഹാസ്യമാക്കിയിരിക്കുകയാണ്.
ഇതിൽ യഥാർഥ പ്രതിയായ ആനാവൂർ നാഗപ്പനിൽ നിന്ന് അന്വേഷണ സംഘം ഫോണിലൂടെയാണ് മൊഴിയെടുത്തത്. കത്ത് പ്രചരിപ്പിച്ച പാര്‍ട്ടി ബ്രാഞ്ച്, ഏരിയാ കമ്മിറ്റിയംഗങ്ങളുടെ ആരുടേയും മൊഴിയെടുത്തില്ല. കാരണം എവിടെയെങ്കിലും മൊഴി കൃത്യമായി അന്വേഷിച്ചാല്‍ കത്തിന്റെ ഉറവിടവും ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് അയച്ചതും അവിടെവച്ച് നശിപ്പിക്കപ്പെട്ടതും കൃത്യമായി പുറത്തുവരുമായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് വാലുംതുമ്പുമില്ലാത്ത കേസ് ഇപ്പോള്‍ ഈ കേസില്‍ പ്രതിയായ ആനാവൂര്‍ നാഗപ്പനാണ് അന്വേഷിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടി തന്നെയാണ് അന്വേഷണ ഏജന്‍സി. ഇത് പരിതാപകരമാണ്. പാര്‍ട്ടിക്കു വേണ്ടി കമ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ട പൊലീസാണ് കേരളത്തിലേതെന്നുള്ളതിന്റെ ഏറ്റവും അവസാന തെളിവാണിത്.
സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ കൂടി. കേരള വർമ കോളേജിലെ ഗസ്റ്റ് നിയമനത്തിൽ വരെ ഇത് നടന്നു. സംസ്ഥാനത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം വരുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കണം. പിന്‍വാതില്‍ നിയമനങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കാനായി യു.ഡി.എഫ് സമരം തുടങ്ങുമെന്നും സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഇങ്ങനെയാണ്. കഴിഞ്ഞ രണ്ട് മാസമായി സാമൂഹികസുരക്ഷാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണ്. എന്നാല്‍ ദുര്‍ചെലവുകള്‍ ഇപ്പോഴും നടക്കുന്നു. ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ധനവകുപ്പ് സര്‍ക്കുലറിക്കുകയും അത് കാറ്റില്‍പ്പറത്തി മറ്റ് വകുപ്പുകള്‍ അവര്‍ക്ക് തോന്നിയ പോലെ പണം ചെലവഴിക്കുകയുമാണ് ചെയ്യുന്നത്.
സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. സാമ്പത്തികമായി വലിയ ഞെരുക്കത്തിലാണ് സംസ്ഥാനം. സാമ്പത്തികം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.
അനാവശ്യ ചെലവുകള്‍ വര്‍ധിക്കുകയും നികുതിപിരിവ് കുറയുകയും വരുമാനം കുത്തനെ താഴോട്ടുപോവുകയും ചെയ്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. സർക്കാർ തോന്നിയത് പോലെ പണം ചെലവഴിക്കുകയാണ്. ഒരു നിയന്ത്രണവും ഇല്ല. തളർന്ന് കിടക്കുന്നവർക്കുള്ള പണം കൊടുത്തിട്ട് ആറു മാസമായെന്നും സതീശൻ കൂട്ടിച്ചേർത്തു.