പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതിനെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്യാതെ തള്ളി
പ്രമേയം ചർച്ച ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതിനെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്യാതെ തള്ളി. ഇരട്ട കൊലപാതക കേസിലെ ഒന്നുമുതൽ മൂന്നു വരെയുള്ള പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയതിനെതിരെയായിരുന്നു പ്രമേയം..
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം നൽകിയത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി എഫ് അംഗം ജോമോൻ ജോസാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനമെന്ന് യു.ഡി എഫ് അംഗങ്ങൾ ആരോപിച്ചു.
പ്രമേയം ചർച്ച ചെയ്യാനാവില്ലെന്ന നിലപാടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എടുത്തത്. പിന്നീട് പ്രമേയം ചർച്ച ചെയ്യണമോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടത്തി. കാസർകോട് ജില്ലാ പഞ്ചായത്തിലെ 17 അംഗങ്ങളും 6 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും വോട്ടെടുപ്പിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിലെ 8 എൽ.ഡി.എഫ് അംഗങ്ങളും 4 എൽ.ഡി.എഫ് ബ്ലോക്ക് പ്രസിഡന്റുമാരും പ്രമേയത്തെ എതിർത്തു. 7 യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും 2 യു.ഡി.എഫ് ബ്ലോക്ക് പ്രസിഡന്റുമാർക്കും പുറമെ ബി.ജെ.പിയിലെ 2 അംഗങ്ങൾ കൂടി പ്രമേയം ചർച്ച ചെയ്യുന്നമെന്ന് ആവശ്യപ്പെട്ടു. പ്രമേയം ചർച്ച ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു.