വോട്ടർമാരെ സി.പി.എം പ്രവർത്തകർ തടഞ്ഞെന്ന് യു.ഡി.എഫ്; ഏരുവേശ്ശി ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം
സജി ജോസഫ് എം.എൽ.എ യുടെ നേത്യത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്
കണ്ണൂർ: ഏരുവേശ്ശി ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. യു.ഡി.എഫ് അനുകൂല വോട്ടർമാരെ സി.പി.എം തടഞ്ഞു എന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈല ജോയിയെ സി.പി.എം പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. സജി ജോസഫ് എം.എൽ.എ യുടെ നേത്യത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.
യു.ഡി.എഫ് അനുകൂല വോട്ടർമാരെ സി.പി.എം തടഞ്ഞുവെന്നും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ആരോപിച്ച് രാവിലെ മുതൽ വാക്കുതർക്കങ്ങളുണ്ടായിരുന്നു. പൊലീസ് ഇടപ്പെട്ട് സംഘർഷാവസ്ഥ ഒഴുവാക്കിയെങ്കിലും ഇതിനിടയിൽ ശൈല ജോയിയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപണം ഉയരുകയും സംഘർഷം ഉണ്ടാവുകയുമായിരുന്നു. പൊലീസ് ലാത്തി വീശി സംഘർഷം അവസാനിപ്പിച്ചതിന് ശേഷം സജി ജോസഫ് എം.എൽ.എ യുടെ നേത്യത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
യു.ഡി.എഫ് പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പൊലീസ് സി.പി.എം ന് ഒത്താശ ചെയ്യുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു. മുൻപ് യു.ഡി.എഫ് ഭരിച്ച ബാങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം ആണ് വിജയിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് 1000 ത്തോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടില്ല.