അന്‍വറിന് യുഡിഎഫ് പിന്തുണ; അറസ്റ്റ് പ്രതികാര നടപടിയെന്ന് വി.ഡി.സതീശന്‍
സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല
തിരുവനന്തപുരം: മലപ്പുറം നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പി.വി.അന്‍വര്‍ എംഎല്‍എക്ക് യുഡിഎഫ് പിന്തുണ. അറസ്റ്റ് പ്രതികാര നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇത്രയും വലിയ പൊലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്യുന്നത് ഉൾക്കൊള്ളാൻ ജനങ്ങൾക്ക് കഴിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
''പി.വി. അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്‍റെ പ്രതികാര രാഷ്ട്രീയമാണ്. ഇതിന് പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്‍റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്‍റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല'' സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അന്‍വര്‍ സാധാരണക്കാരുടെ പ്രശ്നമാണ് ചര്‍ച്ചയാക്കിയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്യജീവി ആക്രമണം ഇല്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഇതിൽ നിസ്സംഗത തുടരുകയാണ്. സാധാരണക്കാരുടെ പ്രശ്നം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് തയ്യാറാകുന്നില്ല. എല്ലാ പാർട്ടികളും പ്രതിഷേധത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇത് തന്നെയാണ് അൻവറും ഉയർത്തികാട്ടിയത്. പൊതുവിലുള്ള പ്രശ്നം ഉയർത്തി കാട്ടിയ ഒരാളോടുള്ള സമീപനമല്ല ഉണ്ടായത്. വലിയ കുറ്റകൃത്യം നടത്തിയ ഒരാളോട് എന്ന പോലെയാണ് പെരുമാറിയത്. പ്രതിപക്ഷത്ത് നിൽക്കുന്ന ആളായത് കാരണമാണ് ഇങ്ങനെ ചെയ്തത്. പക്ഷപാതപരമായ സമീപനമുണ്ടായി എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അന്‍വറിനെതിരായ പൊലീസ് നടപടി നീതിപൂര്‍വം ആയിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനില്‍ പറഞ്ഞു. അടഞ്ഞുകിടന്ന സര്‍ക്കാര്‍ ഓഫീസ് തകർത്തത് ഗൂഢാലോചനയാണ്. അറസ്റ്റ് വൈകിച്ചത് അൻവർ തന്നെയാണെന്നും ആളില്ലാത്ത യാത്ര അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗം ആയിരുന്നു അക്രമമെന്നും അനില്‍ വ്യക്തമാക്കി.