'പി.ടി തുടങ്ങിവെച്ചത് പൂർത്തീകരിക്കും'; കോൺഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞ് ഉമ തോമസ്
എതിർ സ്ഥാനാർഥി ആരായാലും രാഷ്ട്രീയമായി നേരിടുമെന്നും ഉമ തോമസ് പറഞ്ഞു.
കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിത്വത്തില്‍ നേതൃത്വത്തിന് നന്ദി പറഞ്ഞ് ഉമ തോമസ്. പി.ടി തോമസ് തുടങ്ങിവെച്ച കാര്യങ്ങൾ പൂര്‍ത്തീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കെ.പി.സി.സിയുടെ തീരുമാനം അംഗീകരിച്ചുകൊണ്ട് ഹൈക്കമാന്‍റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഉമ തോമസിന്‍റെ പ്രതികരണം.
പി.ടിയുടെ വിയോഗത്തിന് ശേഷം കരുത്ത് തന്നത് കോൺഗ്രസ് പ്രസ്ഥാനമാണെന്നും പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. എതിർ സ്ഥാനാർഥി ആരായാലും രാഷ്ട്രീയമായി നേരിടുമെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഡൊമിനിക് പ്രസന്‍റേഷന്‍ ഉയര്‍ത്തിയ ആശങ്ക ചെറിയൊരു വികാരത്തിന്റെ പുറത്തുണ്ടായതാണ്. അദ്ദേഹം പി.ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. തന്നെ തള്ളിപ്പറയാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിക്കില്ലെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി.
പി.ടിയെ ഹൃദയത്തിലേറ്റിയവരാണ് തൃക്കാക്കരക്കാർ, അവര്‍ എനിക്ക് വോട്ട് തരാതിരിക്കില്ലെന്നും ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെ.വി തോമസ് വികസനത്തിനൊപ്പമുണ്ടാകുമെന്നാണ് പറഞ്ഞത്. കോൺഗ്രസിനൊപ്പം തന്നെയാണ് കെ.വി തോമസുണ്ടാവുകയെന്നും അവര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിലാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തിൽ ഉമ തോമസിന്റെ പേരിലേക്കെത്താൻ കോൺഗ്രസിന് മാരത്തൺ ചർച്ച വേണ്ടിവന്നിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരുടെ പിന്തുണ ഉറപ്പിച്ച നേതൃത്വം ഉച്ചയ്ക്ക് ശേഷം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പൊതുധാരണയിലെത്തിയതോടെ ഉമാ തോമസിന്റെ പേര് ഹൈക്കമാൻഡിന് നൽകുകയായിരുന്നു.