'എൽദോസ് കുന്നപ്പിള്ളിലുമായി ഇതുവരെ ബന്ധപ്പെടാനായില്ല, കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കില്ല'; വി.ഡി സതീശൻ
'സിപിഎം ചെയ്യുന്ന പോലെ പ്രതികളെ സംരക്ഷിച്ചുകൊണ്ടുള്ള ക്ലീഷേ പ്രതികരണത്തിന് മുതിരില്ലെന്നും പ്രതിപക്ഷനേതാവ്'
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അദ്ദേഹത്തെ പല രീതിയിലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചിട്ടില്ല. അദ്ദേഹത്തിന് ഒളിവിൽ പോകേണ്ട ആവശ്യമില്ല. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണയിലാണ്. സംഭവത്തിൽ കെ.പി.സി.സിക്ക് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഇന്നും നാളയും കൂടി നോക്കും. ആരോപണമുണ്ടായാൽ വിശദീകരണം തേടുക എന്നത് സ്വാഭാവിക നീതിയുടെ പ്രശ്‌നമാണ്.അതിനാണ് പാർട്ടി കാത്തിരിക്കുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
' യുവതി ഗൗരവതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. അത് ആ ഗൗരവത്തിൽ തന്നെയെടുക്കുന്നുണ്ട്. സിപിഎം ചെയ്യുന്ന പോലെ പ്രതികളെ സംരക്ഷിച്ചുകൊണ്ടുള്ള ക്ലീഷേ പ്രതികരണത്തിന് മുതിരില്ല. കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കില്ല. ഇത്രയും ശക്തമായ തീരുമാനം വേറെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സ്വീകരച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവുള്ളതാണെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സർക്കാർ ചെലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയിട്ട് എന്തു നേട്ടമുണ്ടായെന്ന് നാട്ടുകാരോട് പറയണം.വിദേശ യാത്രയിൽ വിദ്യാഭ്യാസ മന്ത്രിയെ സ്വാധീനിച്ച കാര്യം പറഞ്ഞാൽ നമുക്കും പഠിക്കാമായിരുന്നു.കുടുംബാംഗങ്ങളെ കൊണ്ട് പോയത് ശരിയാണോ എന്നും വി.ഡി സതീശൻ ചോദിച്ചു.