കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി അതിരൂപതയിൽ അനിശ്ചിതത്വം തുടരുന്നു
കുർബാന തർക്കം പരിഹരിക്കാൻ രണ്ടാം തവണയും കൊച്ചിയിലെത്തിയ വത്തിക്കാൻ പ്രതിനിധി നാളെ പുലർച്ചയോടെ മടങ്ങും
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നു. ക്രിസ്മസിന് ഏകീകൃത കുർബാന അർപ്പിക്കാം എന്ന് ഇരു വിഭാഗവും സമവായത്തിൽ എത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കുർബാന ഏത് രീതിയിലായിരിക്കണമെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. കുർബാന തർക്കം പരിഹരിക്കാൻ രണ്ടാം തവണയും കൊച്ചിയിലെത്തിയ വത്തിക്കാൻ പ്രതിനിധി നാളെ പുലർച്ചയോടെ മടങ്ങും.
ക്രിസ്തുമസിന് എറണാകുളം സെന്‍റ് മേരീസ് ബസലിക്ക പള്ളി തുറക്കാനും എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കാനുമുള്ള തീരുമാനത്തിൽ ഒദ്യോഗിക - വിമത വിഭാഗം സമവായത്തിൽ എത്തിയിരുന്നു എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കുർബാന ഏത് രീതിയിൽ ആയിരിക്കണമെന്ന തീരുമാനത്തിൽ അനിശ്ചിതത്വം തുടരുകയാണ്.ഇതുവരെയും ഇരു വിഭാഗങ്ങളിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.ക്രിസ്തുമസ് ദിവസവും വർഷത്തിലൊരിക്കലും അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന മതിയെന്ന സമവായത്തിൽ എത്തിയെന്ന് വിമത വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക വിഭാഗം അത് തളളിയിരുന്നു.അതേസമയം 25ന് മുമ്പ് സിനഡ് കുർബാന അർപ്പിക്കണമെന്ന മാർപാപ്പയുടെ നിർദേശം നടപ്പിലാക്കാൻ എത്തിയ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ നാളെ പുലർച്ചയോടെ മടങ്ങും.
വൈദിക സമിതി,അൽമായക്കാർ, ഫൊറോന പ്രതിനിധികൾ,സന്യസ്ഥർ തുടങ്ങിയവരുമായി സിറിൽ വാസിൽ ചർച്ച നടത്തിയെങ്കിലും കുർബാന വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. വത്തിക്കാനിലെത്തി സിറിൽ വാസിൽ മാർപാപ്പയെ ഇക്കാര്യം മറിയിക്കും.മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് ക്രിസ്തുമസിന് ശേഷവും സിനഡ് കുർബാന അർപ്പിക്കാനാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ തീരുമാനമെങ്കിൽ തടയാനാണ് വിമത വിഭാഗത്തിന്‍റെ നീക്കം അങ്ങിനെയാണെങ്കിൽ എറണാകുളം - അങ്കമാലി അതിരൂപതയിൽ വീണ്ടും കുർബാന വിഷയം രൂക്ഷമാകും.\