"ഏകസിവിൽകോഡ് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല"; ഇ ടി മുഹമ്മദ് ബഷീർ

സിപിഎംന് ആത്മാർത്ഥമായി ഏകസിവിൽകോഡ് വിഷയത്തിൽ ഇടപെടാനാകില്ലെന്നും എം പി വിശദീകരിച്ചു

Update: 2023-07-04 06:06 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: ഏകസിവിൽകോഡ് മുസ്ലിം ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി . വിവിധ മത - ഗോത്ര വിഭാഗങ്ങളെ അടക്കം ബാധിക്കും , ഇവരെ കൂടി യോജിപ്പിച്ച് പ്രക്ഷോഭമടക്കം തുടർ നടപടികൾ ഇന്ന് ചേരുന്ന മുസ്ലിം കോർഡിനേഷൻ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി മീഡിയവണ്ണിനോട് പറഞ്ഞു . സിപിഎം ന് ആത്മാർത്ഥമായി വിഷയത്തിൽ ഇടപെടാനാകില്ലെന്നും എം പി വിശദീകരിച്ചു .

"ഇന്നത്തെ യോഗം ആദ്യപടിയാണ്, മുഴുവൻ മതസംഘടനകളുടെ പ്രതിനിധികളും ഇസ്ലാമിക പണ്ഡിതന്മാരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരും യോജിച്ചുനിന്നുകൊണ്ട് എതിർക്കേണ്ട വിഷയമാണിത്. ഏകസിവിൽകോഡ് നടപ്പായാൽ ഇന്ത്യയിൽ നിരവധി സങ്കീർണതകൾ രൂപപ്പെടും. നരേന്ദ്രമോദിയുടെ ആഗ്രഹവും അതുതന്നെയാണ്. ഇന്ത്യയിലെ മതേതരത്വം പൊളിക്കുക എന്നതാണ് അവരുടെ അജണ്ട"; ഇടി പറഞ്ഞു. 

ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ആലോചിക്കാന്‍ വിളിച്ച മുസ്‍ലിം കോ-ഓർഡിനേഷന്‍ കമ്മിറ്റി യോഗം കോഴിക്കോടാണ് നടക്കുക. മുസ്‍ലിം ലീഗ് മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. 

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികളും നിയമപോരാട്ട സാധ്യതകളും യോഗം ചർച്ച ചെയ്യും. ഏക സിവിൽ കോഡ് ബാധിക്കുന്ന വിവിധ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാനായിരിക്കും ആലോചന. കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News