നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ; കൂവി വിളിച്ച് വിദ്യാർഥികൾ
പ്രധാനമന്ത്രിക്ക് രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താത്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു വിദ്യാർഥികള്‍ കൂവാൻ തുടങ്ങിയത്
കാസർകോട്: കേന്ദ്ര മന്ത്രി വി.മുരളീധരനെ കൂവി വിളിച്ച് വിദ്യാർഥികൾ. പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിലെ പ്രസംഗത്തിനിടെയാണ് വിദ്യാർഥികള്‍ കൂവിയത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പ്രസംഗിച്ചപ്പോഴാണ് വിദ്യാർഥികൾ കൂവിയത്.
നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും മന്ത്രിക്ക് കൂവൽ നേരിടേണ്ടി വന്നു. പ്രധാനമന്ത്രിക്ക് രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താത്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു വിദ്യാർഥികള്‍ കൂവാൻ തുടങ്ങിയത്. യുവാക്കള്‍ക്ക് വെല്ലുവിളികള്‍ നേരിടാൻ പ്രധാനമന്ത്രി ധൈര്യം പകർന്നു എന്ന് പറഞ്ഞതിന് ശേഷം കൂവലിന്‍റെ ശക്തി കൂടുകയായിരുന്നു.
കേരളത്തിലെ മന്ത്രിമാരെയും മറ്റ് ജനപ്രതിനിധികളെയും പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. വേദിയിൽ ഇരുന്നവർ കാവി ഷാള്‍ ധരിച്ചതും, ബിരുദദാന ചടങ്ങിൽ കറുത്ത ഗൌണും തലപ്പാവും ഒഴിവാക്കിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.