സംസ്ഥാന വ്യാപക ലോക്ഡൗൺ ഇന്ന് അവസാനിക്കും: നാളെ മുതൽ നിയന്ത്രണങ്ങൾ തദ്ദേശ അടിസ്ഥാനത്തിൽ

കഴിഞ്ഞ മാസം എട്ടിന് തുടങ്ങിയ അ‌ടച്ചുപൂട്ടലിൽ നിന്നും സംസ്ഥാനം ഘട്ടം ഘട്ടമായിട്ടാണ് തുറക്കുന്നത്

Update: 2021-06-16 01:41 GMT
Advertising

സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ചാകും നാളെ മുതല്‍ നിയന്ത്രണങ്ങൾ. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ആരാധനാലയങ്ങള്‍ തുറക്കില്ല.

കഴിഞ്ഞ മാസം എട്ടിന് തുടങ്ങിയ അ‌ടച്ചുപൂട്ടലിൽ നിന്നും സംസ്ഥാനം ഘട്ടം ഘട്ടമായിട്ടാണ് തുറക്കുന്നത്. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. പൊതുഗതാഗതം മിതമായ രീതിയിലായിരിക്കും. വ്യാവസായിക - കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലായിടത്തുമുണ്ടാകും. ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. വിവാഹം - മരണാനന്തര ചടങ്ങുകളിൽ 20 പേരെ മാത്രമേ അനുവദിക്കൂ.

ടിപിആർ നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ സോണുകളായി തിരിച്ചാകും നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തും. 20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതല്‍ ഇളവുകളുണ്ടാകും. നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടെങ്കിലും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല. വിനോദ സഞ്ചാരം, വിനോദ പരിപാടി, ഇൻഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാളുകളും പ്രവർത്തിക്കില്ല.

ആരാധനാലയങ്ങൾ ഇപ്പോൾ തുറക്കില്ല. സര്‍ക്കാര്‍ പ്രിന്‍റിങ് പ്രസ് പ്രവര്‍ത്തനം അനുവദിക്കും. റജിസ്ട്രേഷന്‍, ആധാരമെഴുത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി അനുവദിക്കും. പുതിയ സാഹചര്യത്തില്‍ ലോട്ടറി വില്‍പന അനുവദിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News