'അവിവാഹിതർ താമസസ്ഥലം ഒഴിയണം, എതിർ ലിംഗക്കാരെ പ്രവേശിപ്പിക്കരുത്'; വിലക്കുമായി ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ
അസോസിയേഷൻ തീരുമാനത്തിനെതിരെ പരാതി നൽകുമെന്ന് താമസക്കാർ
തിരുവനന്തപുരം: അവിവാഹിതർ ഉടൻ താമസസ്ഥലം ഒഴിയണമെന്ന നിർദേശവുമായി പട്ടത്തുള്ള ഹീര ട്വിൻസിലെ ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ. രണ്ട് മാസത്തിനകം താമസസ്ഥലം ഒഴിയണമെന്നാണ് നിർദേശം. അവിവാഹിതർ എതിർലിംഗത്തിൽ ഉള്ളവരെ ഫ്‌ലാറ്റിൽ പ്രവേശിപ്പിക്കരുതെന്നും കുടുംബമായി താമസിക്കുന്നവർക്ക് മാത്രമേ ഫ്‌ലാറ്റ് അനുവദിക്കൂയെന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അസോസിയേഷൻ തീരുമാനത്തിനെതിരെ പരാതി നൽകുമെന്ന് താമസക്കാർ പറഞ്ഞു.
അസോസിയേഷൻ തീരുമാനം ഇതിനോടകം വിവാദത്തിനിടയാക്കിയിട്ടുണ്ട്. രക്ത ബന്ധമുള്ള ആരെങ്കിലും സന്ദർശിക്കാനെത്തിയാൽ മാതാപിതക്കളെ അറിയിച്ചിരിക്കണം, സന്ദർശകരുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ നൽകണം, സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ നൽകിയിട്ടുള്ളത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തയ്യാറായിട്ടില്ല. അസോസിയേഷന്റെ നടപടിയിൽ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമായേക്കും.