വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം

പ്രവേശനം അനുവദിക്കണമെങ്കിൽ ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണം

Update: 2021-07-17 13:52 GMT
Editor : Shaheer | By : Web Desk
Advertising

വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങൾക്ക് ഇളവ്. 40 പേർക്ക് വരെ ആരാധനാ ചടങ്ങുകളിൽ പങ്കെടുക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം, എല്ലാവർക്കും പ്രവേശനമുണ്ടാകില്ല. ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്ക് മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും  ആളുകളുടെ എണ്ണവും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മതസംഘടനകൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയതിനു പിറകെയാണ് മുഖ്യമന്ത്രി ഇളവ് പ്രഖ്യാപിച്ചത്. ഇരുവിഭാഗം സമസ്തയും ജമാഅത്ത്, മുജാഹിദ് സംഘടനാ നേതാക്കളും സർക്കാരിനു മുൻപിൽ ആവശ്യമുയർത്തിയിരുന്നു. വിവിധ ക്രിസ്ത്യൻ സഭാ നേതാക്കളും എൻഎസ്എസ് അടക്കമുള്ള സംഘടനകളും ആരാധനാലയങ്ങൾ തുറക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ആരാധനാലയങ്ങളിൽ 15 പേർക്ക് പ്രവേശനാനുമതിയുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമാണ് ഈ ഇളവുള്ളത്. ഇതിൽ ആളുകളുടെ എണ്ണം കൂട്ടണമെന്നാണ് വിവിധ സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. അതേസമയം, വിശേഷ ദിവസങ്ങളിൽ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച ഇളവുള്ളത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News