ഉത്ര വധക്കേസ്; വിധി ഈ മാസം പതിനൊന്നിന്
അഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്
ഉത്ര വധക്കേസിൽ ഈ മാസം പതിനൊന്നിന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. അഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
സ്ത്രീധനമായി ലഭിച്ച സ്വർണ്ണാഭരണങളും കാറും പോക്കറ്റ് മണിയും സ്വത്തുക്കളും നഷ്ടപെടുമെന്ന ആശങ്കയിൽ ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2020 മെയ് ഏഴിന് പുലർച്ചെ അഞ്ചലിലെ വീട്ടിൽ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭർതൃവീട്ടിൽ വെച്ച് മാർച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു. തുടർച്ചയായി രണ്ടുതവണ പാമ്പുകടിച്ചതിലും എ സി മുറിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയതിലും സംശയം തോന്നിയതോടെ ഉത്രയുടെ കുടുംബം പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.