പൊന്നോണത്തെ വരവേൽക്കാൻ മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ
ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും
കൊച്ചി: ഇന്ന് ഉത്രാടം.. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. തൃപ്പൂണിത്തുറ അത്തച്ചമയത്തില്‍ തുടങ്ങി ഓണത്തിന്‍റെ ഐതിഹ്യം കുടികൊളളുന്ന തൃക്കാക്കരയിലെ ഓണത്തപ്പനുമെല്ലാം ഉള്‍ക്കൊളളുന്ന എറണാകുളത്തെ വിശേഷമാണിനി.
അത്തച്ചമയത്തോടെ കേരളത്തിലൊട്ടാകെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ട നാടാണ്. ഓണത്തിന്‍റെ ഐതിഹ്യം കുടികൊളളുന്നുവെന്ന് വിശ്വസിക്കുന്ന ഇടം കൂടിയാണ് തൃക്കാക്കയിലെ വാമനക്ഷേത്രം. തൃക്കാക്കരയിലെയും തൃപ്പൂണിത്തുറയിലെയും മാത്രമല്ല, കൊച്ചി നഗരത്തിലെയും ഓണക്കാഴ്ചകള്‍ക്ക് ഭംഗി കൂടും. കേരളത്തിന് പുറത്ത് നിന്ന് പോലും നിരവധി പേര്‍ താമസിക്കുന്ന ഇടമായത് കൊണ്ട് തന്നെ വടക്ക് മധ്യം തെക്ക് എന്നൊന്നുമില്ല. കൊച്ചിയിലെ ഓണം കളറാക്കാന്‍ ഉത്രാടപ്പാച്ചിലിലാണ് എല്ലാരും.
കച്ചവടക്കാരെ സംബന്ധിച്ച് വിലക്കുറവിന്‍റെ മഹാമേള കൂടിയാണ് ഓണക്കാലം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മാത്രമല്ല, അര്‍ധരാത്രി വരെ വില്‍പ്പന നടത്തി ഇലക്ട്രോണിക്സ് ഷോപ്പുകള്‍ വരെ ഓണം ബംബറൊരുക്കുന്ന തിരക്കിലാണ്. ഉത്രാടം കഴിഞ്ഞ് തിരുവോണത്തെ വരവേല്‍ക്കുന്ന സന്തോഷമാണ് ഓരോരുത്തരിലും. ആ സന്തോഷം പങ്കിടാനുളള തയ്യാറെടുപ്പും.