'താനൂരിലെ ജയം അത്ഭുതമൊന്നുമല്ല, ജനം തെരഞ്ഞെടുത്തത്: വി അബ്ദുറഹിമാന്‍

സ്വേഛാധിപത്യ ഭരണത്തിനെതിരെ നേടിയ വിജയമാണെന്നും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെന്നും വി അബ്ദുറഹ്മാൻ മീഡിയവണിനോട് പറഞ്ഞു.

Update: 2021-05-03 02:53 GMT
Editor : rishad | By : Web Desk
Advertising

താനൂരിലേത് അപ്രതീക്ഷിത വിജയമല്ലെന്ന് വി അബ്ദുറഹിമാൻ. സ്വേഛാധിപത്യ ഭരണത്തിനെതിരെ നേടിയ വിജയമാണെന്നും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെന്നും വി അബ്ദുറഹ്മാൻ മീഡിയവണിനോട് പറഞ്ഞു.

ലീഗിന്റെ കള്ളപ്രചാരണങ്ങളെ ജനം തോല്‍പിച്ചിരിക്കുകയാണ്. താനൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടു, ആ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌പോകാന്‍ അവര്‍ ആഗ്രഹിക്കുകയാണെന്നും അബ്ദുറഹിമാന്‍ മീഡിയവണിനോട് പറഞ്ഞു. രാഷ്ട്രീയത്തിന് അപ്പുറത്ത്, വികസനത്തിനുള്ള വോട്ടാണ് ലഭിച്ചിരിക്കുന്നത്. 40 വര്‍ഷമായി കോണ്‍ഗ്രസിലുള്ളയാളായിരുന്നു ഞാന്‍, കോണ്‍ഗ്രസിന്റെ പൊള്ളത്തരം മനസ്സിലാക്കിയപ്പോള്‍ ഇടതുപക്ഷത്തേക്ക് മാറിചിന്തിച്ചു, ആ ഇടതുപക്ഷത്തിന്റെ വിജയം കൂടിയാണിത്.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയാണ് താനൂരില്‍ ജോലിയെടുത്തിരുന്നത്. മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരുമിച്ച് മത്സരിച്ചിരുന്നത്. ഇങ്ങനെ ഒറ്റക്കെട്ടായിട്ടും അവരെ തോല്‍പിക്കാനായെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു. മുസ്‌ലിംയൂത്ത് ലീഗിലെ പി.കെ ഫിറോസിനെ തോല്‍പിച്ചാണ് വി അബ്ദുറഹിമാന്‍ രണ്ടാംവട്ടവും നിയമസഭയിലേക്ക് എത്തുന്നത്. വി അബ്ദുറഹിമാന്‍ 70,704 വോട്ടുകള്‍ നേടിയപ്പോള്‍ പി.കെ ഫിറോസ് നേടിയത് 69,719 വോട്ടുകളാണ്. 985 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബ്ദുറഹിമാന്റെ ജയം. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News