'ഞങ്ങൾ പോകുന്നത് ഉത്സവം കൂടാനല്ല'; എംപിമാരുടെ ലക്ഷദ്വീപ് യാത്ര തടഞ്ഞതിനെതിരെ പ്രതികരണവുമായി വി.ശിവദാസൻ

ഈ രാജ്യത്തെ പാർലമെൻ്റംഗങ്ങൾക്ക് ഒരു നാട്ടിലേക്ക് പോകാൻ സ്പോൺസർമാരുടെ ആവശ്യമുണ്ടോയെന്നും ശിവദാസൻ ‌‌‌‌ചോദിച്ചു

Update: 2021-07-06 09:07 GMT
Advertising

ലക്ഷദ്വീപിലേക്കുള്ള എംപിമാരുടെ യാത്ര തടയാൻ കേട്ടുകേൾവിയില്ലാത്ത വികൃത ന്യായങ്ങൾ നിരത്തുകയാണ് അഡ്മിനിസ്ട്രേറ്ററും സംഘവുമെന്ന് എം.പി ഡോ.വി.ശിവദാസൻ. ഉത്സവം കൂടാനല്ല അവിടെ പോകുന്നതെന്നും ആ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് മനസിലാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യത്തെ പാർലമെൻ്റംഗങ്ങൾക്ക് ഒരു നാട്ടിലേക്ക് പോകാൻ സ്പോൺസർമാരുടെ ആവശ്യമുണ്ടോയെന്നും ശിവദാസൻ ‌‌‌‌ചോദിച്ചു.

''സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വിചിത്രമായ മറ്റൊരു ആവശ്യം. അഡ്മിനിസ്ട്രേറ്ററും അദ്ദേഹത്തെ അയച്ച സംഘപരിവാര ഭരണകൂടവും ആഗ്രഹിക്കുന്ന സ്വഭാവമുള്ളവരല്ല ഞങ്ങൾ. ലക്ഷദ്വീപ് ഉൾപ്പടെ ഈ രാജ്യത്തെ എല്ലാ നാട്ടിലെയും മനുഷ്യരോട് പ്രതിബദ്ധതയുള്ളതും അവരെ ചേർത്ത് പിടിക്കുന്നതുമായ ഞങ്ങളുടെ സ്വഭാവത്തിന് നിങ്ങൾ സർട്ടിഫിക്കറ്റ് നൽകുകയുമില്ലല്ലോ''- ശിവദാസൻ ‌ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ലക്ഷദ്വീപിലേക്കുള്ള ഞങ്ങളുടെ യാത്ര തടയാൻ കേട്ടുകേൾവിയില്ലാത്ത വികൃത ന്യായങ്ങൾ നിരത്തുകയാണ് അഡ്മിനിസ്ട്രേറ്ററും സംഘവും. ഈ രാജ്യത്തെ പാർലമെൻ്റ് അംഗങ്ങൾ എന്ന നിലയിൽ ലക്ഷദ്വീപിലെ ജനത നേരിടുന്ന പ്രയാസങ്ങൾ നേരിട്ട് മനസിലാക്കുവാനായി അവിടം സന്ദർശിക്കുവാൻ ഞങ്ങൾക്ക് അവസരമൊരുക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ടൂറിസ്റ്റുകളായി ദ്വീപിലേക്ക് പോകാനല്ല, മറിച്ച് ഈ രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ട പാർലമെൻ്റ് അംഗങ്ങൾ എന്ന നിലയിൽ അവിടെ എത്തിച്ചേരുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം എന്ന് വ്യക്തമാക്കിയതാണ്. കോവിഡ് പരിശോധനയുൾപ്പടെ ചെയ്തു കൊണ്ട് മാത്രമേ ഞങ്ങൾ ദ്വീപിലേക്ക് യാത്ര ചെയ്യുകയുള്ളൂ എന്ന് ഉറപ്പ് നൽകിയതുമാണ്. എന്നിട്ടും അതിനനുവദിക്കില്ല എന്നതാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാട്.

ഈ രാജ്യത്തെ പാർലമെൻ്റംഗങ്ങൾക്ക് ഒരു നാട്ടിലേക്ക് പോകാൻ സ്പോൺസർമാരുടെ ആവശ്യമുണ്ടോ? ഞങ്ങളുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്നതാണ് ഞങ്ങളെ തടയാൻ ദ്വീപ് ഭരണകൂടം കണ്ടെത്തിയ യമണ്ടൻ ന്യായം. തീർച്ചയായും ഞങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങൾ തന്നെയാണുള്ളത്. അത് അടിച്ചമർത്തപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ശാന്തവും സമാധാനപരമായ ജീവിതം അന്യമാക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ കൂടെ നിൽക്കുകയെന്ന രാഷ്ട്രീയ താൽപര്യമാണ്. അല്ലാതെ ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററുടെ വിരുന്ന് സൽക്കാരം മോഹിച്ചല്ല ഞങ്ങൾ ലക്ഷദ്വീപിലേക്ക് പോകാൻ ഒരുങ്ങുന്നത്.

ഞങ്ങളുടെ യാത്ര ദ്വീപിൽ കോവിഡ് വ്യാപനത്തിന് കാരണമാകും എന്ന വാദം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു. പാർലമെൻ്റിൽ കയറാൻ അങ്ങനൊരു വാദം തടസമായിട്ടില്ല. പാർലമെൻ്റിൽ കയറുന്നതിന് മുൻപ് സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകളും ലക്ഷദ്വീപിൽ പോകുന്നതിനു മുൻപും സ്വീകരിക്കുന്നതായിരിക്കും. അവിടെ ഉത്സവം കൂടാനല്ല ഞങ്ങൾ പോകുന്നത്. ആ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് മനസിലാക്കാനാണ്.

സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വിചിത്രമായ മറ്റൊരു ആവശ്യം. അഡ്മിനിസ്ട്രേറ്ററും അദ്ദേഹത്തെ അയച്ച സംഘപരിവാര ഭരണകൂടവും ആഗ്രഹിക്കുന്ന സ്വഭാവമുള്ളവരല്ല ഞങ്ങൾ. ലക്ഷദ്വീപ് ഉൾപ്പടെ ഈ രാജ്യത്തെ എല്ലാ നാട്ടിലെയും മനുഷ്യരോട് പ്രതിബദ്ധതയുള്ളതും അവരെ ചേർത്ത് പിടിക്കുന്നതുമായ ഞങ്ങളുടെ സ്വഭാവത്തിന് നിങ്ങൾ സർട്ടിഫിക്കറ്റ് നൽകുകയുമില്ലല്ലോ. ഏത് കേന്ദ്രത്തിൽ നിന്ന് ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റിൻ്റെ അംഗീകാരത്താലാണ് നിലവിലെ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിലേക്ക് എത്തിച്ചേർന്നത് എന്ന് നമ്മൾ കണ്ടതാണ്.

ലക്ഷദ്വീപിൽ എത്താനുള്ള ശ്രമം തന്നെ ഒരു പോരാട്ടമായി മാറുകയാണ്. അതിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല. ലക്ഷദ്വീപിനെ പുറം ലോകത്ത് നിന്നും കൊട്ടിയടക്കപ്പെട്ട ഒരു ജയിലാക്കി മാറ്റാൻ അനുവദിക്കാനാകില്ല. കുതന്ത്രശാലി കൂടിയായ അഡ്മിനിസ്ട്രേറ്റർ എങ്ങനെയെല്ലാം തടയാൻ ശ്രമിച്ചാലും ഇടതുപക്ഷ എംപിമാർ ദ്വീപിൽ എത്തുക തന്നെ ചെയ്യും. ജനാധിപത്യത്തെ അത്രയെളുപ്പത്തിൽ കൊന്നു കളയാമെന്ന് ഒരു സംഘപരിവാര ഏജൻ്റും മനക്കോട്ട കെട്ടേണ്ട.

കൂടുതൽ ശക്തമായി ലക്ഷദ്വീപിലെ സഹോദരങ്ങൾക്കൊപ്പം..

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News