വാക്സിന്‍ നയം പ്രവാസിവിരുദ്ധം: ഹരജിയില്‍ കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി

കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച പ്രവാസികളുടെ സർട്ടിഫിക്കറ്റിൽ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി.

Update: 2021-05-28 06:35 GMT
By : Web Desk
Advertising

കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച പ്രവാസികളുടെ സർട്ടിഫിക്കറ്റിൽ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ജൂൺ നാലിന് കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തിലും നിലപാട് അറിയിക്കാൻ കോടതി നിർദേശം നല്‍കി. ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പ് സിഇഒ റഹീം പട്ടർകടവൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.

നിലവിലെ വാക്സിന്‍നയം പ്രവാസിവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹൈക്കോടതിയിലെ ഹരജി. നിലവിലുള്ള സാഹചര്യത്തിൽ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്കരമാണ്. കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായതിനാല്‍ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനിൽ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവിൽ സൗദിയിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ സൗദിയിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആണ് സൗദി നിഷ്കര്‍ഷിക്കുന്നത്.

സൗദി സർക്കാരിന്റെ സർക്കുലർ പ്രകാരം ആസ്ട്ര സെനെക്ക വാക്സിൻ രണ്ടു ഡോസ് എടുക്കുന്നവർക്ക് ഇളവുകൾ ഉണ്ട്. പക്ഷേ ഇന്ത്യയിൽ ആസ്ട്ര സെനെക്ക വാക്സിൻ കോവീഷീൽഡ് എന്ന പേരിലാണ് നൽകുന്നത്. സർട്ടിഫിക്കറ്റിലും കോവീഷീൽഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നത് സൗദി സർക്കാർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവീഷീൽഡ് വിക്സിനെടുത്ത് പോകുന്നവർക്ക് സൗദിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു ഹരജി. പ്രവാസികളുടെ പാസ്പ്പോർട്ട് നമ്പറും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ ലഭ്യമായ മറ്റൊരു വാക്സിനായ കോവാക്സിൻ നിലവിൽ സൗദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്സിൻ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്സിൻ എടുക്കാൻ പോകുമ്പോൾ മാത്രമാണ് അവർക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്. കോവാക്സിൻ എടുത്ത ഒരു പ്രവാസിയാണെങ്കിൽ അതിന്റെ ഒരു ആനുകൂല്യവും സൗദിയിൽ അയാൾക്ക് ലഭിക്കുകയില്ല. അതിനാൽ കോവാക്സിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

By - Web Desk

contributor

Similar News