ഒരു ദിവസം തന്നെ രണ്ടുതവണ വാക്സിന്‍ കുത്തിവെച്ചു; യുവതി നിരീക്ഷണത്തില്‍
വാക്സിൻ എടുത്തില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് വീണ്ടും വാക്സിൻ നൽകിയതെന്ന് ആശുപത്രി സൂപ്രണ്ട്.
തിരുവനന്തപുരത്ത് യുവതിക്ക് ഒരു ദിവസം തന്നെ രണ്ട് ഡോസ് വാക്സിൻ നൽകിയതായി പരാതി. മലയിന്‍കീഴ് താലൂക്ക് ആശുപുത്രിയില്‍ നിന്നാണ് ഇരുപത്തിയഞ്ചുകാരിയായ അന്തിയൂര്‍ക്കോണം സ്വദേശി ശ്രീലക്ഷ്മിക്ക് രണ്ട് തവണ വാക്സിന്‍ നല്‍കിയത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി നിലവില്‍ നിരീക്ഷണത്തിലാണ്.
കോവിഷീല്‍ഡ് വാക്സിനാണ് ശ്രീലക്ഷ്മിക്ക് കുത്തിവെച്ചത്. രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുമ്പോൾ യുവതി വാക്സിൻ എടുത്തിട്ടുണ്ടെന്നു പറഞ്ഞെങ്കിലും അത് ശ്രദ്ധിക്കാതെയാണ് ആരോഗ്യ പ്രവർത്തക കുത്തിവെപ്പ് നടത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി.
അതേസമയം, ശ്രീലക്ഷ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് പി.കെ ഷീജ അറിയിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും വാക്സിൻ എടുത്തില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് വീണ്ടും വാക്സിൻ നൽകിയതെന്നുമാണ് സൂപ്രണ്ടിന്‍റെ വിശദീകരണം.
എന്നാല്‍, സൂപ്രണ്ടിന്‍റെ വാദം ബന്ധുക്കള്‍ തള്ളി. ആദ്യ ഡോസ് ടെസ്റ്റ് ഡോസായിരിക്കാമെന്ന് യുവതി ധരിച്ചതും നഴ്സിന്‍റെ പിഴവുമാണ് രണ്ടു ഡോസ് എടുക്കാൻ കാരണമായതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ഡി.എം.ഒ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.