വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന് കണ്ടെത്തൽ
പദ്ധതിയുടെ പേരിൽ 4.48 കോടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന് കണ്ടെത്തൽ. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വിജിലൻസിനു റിപ്പോർട്ട് കൈമാറി. തുടർനടപടികൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.
യു.എ.ഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവാക്കിയാണ് 140 ഫ്ലാറ്റുകൾ നിർമിക്കാൻ 2019 ജൂലൈ 11ന് കരാർ ഒപ്പുവച്ചത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിര്‍മിക്കുമെന്നായിരുന്നു കരാർ. പദ്ധതിയുടെ പേരിൽ 4.48 കോടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്.
സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു കരാറുകാരനായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സമ്മതിച്ചതോടെയാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകിയത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷൻ നൽകിയതെന്നായിരുന്നു വിജിലൻസ് സംശയിച്ചത്. ഇതേതുടര്‍ന്നാണ് വിദ്ഗദ സമിതി ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തി. ഇതില്‍ നിന്നാണ് ഫ്ലാറ്റിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയത്. തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധരും, ക്വാളിറ്റി കൺട്രോളർ, പിഡബ്ല്യൂഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിദഗ്ധ സമിതിയിലുണ്ടായിരുന്നത്. റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.