വടക്കഞ്ചേരി ബസ് അപകടം: ഡ്രൈവർ ജോമോൻ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതി
കഴിഞ്ഞ ജൂലൈ 16ന് കൂത്താട്ടുകുളത്തെ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിക്കുകയും കൊടിമരം തകർക്കുകയും ചെയ്ത ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു.
കൊച്ചി: വടക്കഞ്ചേരിയിൽ വിദ്യാർഥികൾ അടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോൻ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതി. കഴിഞ്ഞ ജൂലൈ 16ന് കൂത്താട്ടുകുളത്തെ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിക്കുകയും കൊടിമരം തകർക്കുകയും ചെയ്ത ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് ഓഫീസ് ആക്രമണത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം ജോമോൻ ഓടിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അഞ്ച് വിദ്യാർഥികൾ അടക്കം ഒമ്പതുപേരാണ് മരിച്ചത്. അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. അപകടത്തിന് ശേഷം ആശുപത്രിയിൽനിന്ന് മുങ്ങിയ ഇയാളെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലം ചവറയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.
ജോമോൻ നേരത്തേയും അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രൈവിങ് സീറ്റിൽനിന്ന് എഴുന്നേറ്റുനിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.