അപകടത്തില്‍പ്പെട്ടത് കോട്ടയം ആർ.ടി.ഒ കരിമ്പട്ടികയിൽപ്പെടുത്തിയ ബസ്; സഞ്ചരിച്ചത് 97.72 കിലോമീറ്റർ വേഗതയിൽ
ബസിനെതിരെ നേരത്തെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലിടിച്ച് അഞ്ച് വിദ്യാർഥികളുൾപ്പടെ 9 പേർ മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
സ്‌കൂളിലെ അധ്യാപകനായ വിഷ്ണു വി.കെ.(33) ,വിദ്യാർഥികളായ അഞ്ജന അജിത് (16),ഇമ്മാനുവൽ.സി.എസ് (16),ക്രിസ് വിന്റർ ബോൺ തോമസ് (16),ദിയ രാജേഷ് (16),എൽനാ ജോസ് (15), കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാരായ രോഹിത് രാജ് (24 ),അനൂപ് (24), ദീപു (25) എന്നിവരാണ് മരിച്ചത്. 37 വിദ്യാർഥികളും 5 അധ്യാപകരും 2 ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
പാലക്കാട് -തൃശൂർ ദേശീയ പാതയിൽ അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ നാൽപ്പതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.തൃശൂർ മെഡിക്കൽ കോളേജിൽ പരിക്ക് ഗുരുതരമായി നാലുപേരിൽ മൂന്നുപേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന് തൊട്ടുമുമ്പ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ്. അമിത വേഗതയിലാണെന്ന് ഡ്രൈവറോട് പറഞ്ഞിട്ടും അദ്ദേഹം അത് കേട്ടില്ലെന്നും വിദ്യാര്‍ഥികള്‍ മന്ത്രിയോട് പറഞ്ഞിട്ടുണ്ട്.
കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിലാണ് ടൂറിസ്റ്റ് ബസിടിച്ചത്. ഇടിച്ചതിന് ശേഷം ചതുപ്പിലേക്ക് മറിയുകയുമായിരുന്നു.മന്ത്രിമാരായ എം.ബി രാജേഷ്,കൃഷ്ണന്‍കുട്ടി,ഷാഫി പറമ്പില്‍ എം.എല്‍.എ തുടങ്ങിയവരെല്ലാം സംഭവ സ്ഥലത്തെത്തിയിരുന്നു.
കോട്ടയം ആർ ടി ഓ ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനം കൂടിയാണ് അപകടത്തിൽ പെട്ടത്. ബസിനെതിരെ നേരത്തെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേളാങ്കണ്ണി പോയി വന്ന ഉടനെയാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർ ഊട്ടി യാത്രക്ക് പുറപ്പെട്ടതെന്ന് രക്ഷിതാവ് ആരോപിച്ചു.
ബസ് അമിതവേഗതയിലായിരുന്നെന്ന് ബസിലെ വിദ്യാർഥികളും ആരോപിച്ചു. അതേസമയം, സ്‌കൂളുകളിൽ വിനോദ സഞ്ചാരം നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ മോടോർ വാഹന വകുപ്പിന് അറിയിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.ടൂറിസ്റ്റ് ബസ് വാടകക്ക് എടുക്കുമ്പോൾ സ്‌കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ഗതാഗതവകുപ്പും വിദ്യാഭ്യാസവകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.