സഹോദരിമാരെ മർദിച്ച സംഭവത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് വള്ളിക്കുന്ന് എംഎൽഎ
യുവാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് ഒത്തുതീർപ്പിനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് യുവതികളുടെ ആരോപണം
മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ സഹോദരിമാർക്ക് യുവാവിന്റെ മർദനമേറ്റ സംഭവത്തില്‍ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് വള്ളിക്കുന്ന് എംഎൽഎ പി.. അബ്ദുൽ ഹമീദ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. യുവതികള്‍ക്ക് നീതിലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും പി അബ്ദുൽ ഹമീദ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം യുവാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് ഒത്തുതീർപ്പിനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് യുവതികളുടെ ആരോപണം. പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പ്രതി നാട്ടിൽ തന്നെയുണ്ടെന്നും വാഹനം പൊലീസ് വിട്ടുകൊടുത്തെന്നും യുവതികൾ മീഡിയവണിനോട് പറഞ്ഞു .
കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഓവർടേക്ക് ചെയ്തയാൾ ഡിവൈഡറിനോട് ചേർന്ന് വണ്ടി നിർത്തുകയും കാറിൽ നിന്നിറങ്ങി വന്ന് ഇവരെ അടിക്കുകയുമായിരുന്നു. പിന്നീട് ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടാണ് പിൻമാറിയത്. സംഭവ സമയത്ത് മർദിച്ചയാളുടെ ഫോട്ടോയെടുക്കുകയും തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകുകയും ചെയ്തതെന്ന് സഹോദരിമാർ പറഞ്ഞു. സഹോദരികളുടെ പരാതിയിൽ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ പൊലീസ് കേസെടുത്തു.