വന്ദന കൊലക്കേസ്: പ്രതി സന്ദീപുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞത്
കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ വീട്ടിലും അയൽവാസിയായ അധ്യാപകൻ ശ്രീകുമാറിന്റെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞത്.
ഉച്ചയ്ക്ക് രണ്ടരയോടെ അന്വേഷണസംഘം പ്രതി സന്ദീപുമായി മുട്ടറയിൽ എത്തി. വന്ദനയെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദീപ് എത്തിയ സഹഅധ്യാപകൻ ശ്രീകുമാറിന്റെ വീട്ടിലെത്തിച്ചായിരുന്നു ആദ്യം തെളിവെടുപ്പ്. ശ്രീകുമാറിന്റെ വീട്ടിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് അന്വേഷണസംഘം ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് പ്രതി നൽകിയത്. ശ്രീകുമാറിന്റെ വീട്ടിലേക്കല്ല അയൽവാസിയായ ഡ്രൈവർ രാജീവിന്റെ വീട്ടിലേക്കാണ് വന്നതെന്ന് നേരത്തെ നൽകിയ മൊഴി സന്ദീപ് ആവർത്തിച്ചു. അതെസമയം മതിൽ ചാടിയപ്പോൾ കാലൊടിഞ്ഞ കാര്യങ്ങളും പൂയപ്പളി പൊലീസ് സ്റ്റേഷനിൽ വിളിച്ചതും പ്രതി അന്വേഷണ സംഘത്തിന് മുന്നിൽ വിശദീകരിച്ചു.
15 മിനുട്ട് നേരം ശ്രീകുമാറിന്റെ വീട്ടിലെ തെളിവെടുപ്പിന് ശേഷം ചെറുകരകോണത്തെ സന്ദീപിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. തുടർന്ന് പ്രതിയെ എസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. കൊലപാതകം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ആശുപത്രിയിൽ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്നാണ് തെളിവെടുപ്പ് മാറ്റിവെച്ചത്. കഴിഞ്ഞദിവസം പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ഏഴംഗ മെഡിക്കൽ സംഘം വിശദമായി പരിശോധിച്ചിരുന്നു. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഒന്നുമില്ല എന്നാണ് മെഡിക്കൽ സംഘം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. മെഡിക്കൽ റിപ്പോർട്ട് ഉടൻ സമർപ്പിച്ചേക്കും