വർക്കല തീപ്പിടിത്തം; അസ്വഭാവികതയുണ്ടോയെന്ന് പറയാൻ കഴിയില്ലെന്ന് റെയ്ഞ്ച് ഐജി ആർ.നിശാന്തിനി
ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ
വർക്കലയിലെ തീപ്പിടിത്തത്തിൽ അസ്വഭാവികതയുണ്ടോയെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന് റെയ്ഞ്ച് ഐജി ആർ.നിശാന്തിനി. പരിശോധന തുടരുകയാണ്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ. താഴത്തെയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചിട്ടുണ്ടെന്നും നിശാന്തിനി പറഞ്ഞു.
അഞ്ചു പേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും ഫയർ ഫോഴ്സ് ഓഫീസർ നൗഷാദ് മീഡിയവണിനോട് പറഞ്ഞു.
ഫോറൻസിക് പരിശോധന ഫലം ലഭിച്ചാലെ മരണകാരണം പറയാൻ സാധിക്കുവെന്ന് കലക്ടർ നവജ്യോത് ഖോസ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസും ഫോറൻസികും ഫയർഫോഴ്സും പരിശോധന നടത്തുകയാണെന്നും നവജ്യോത് ഖോസ പറഞ്ഞു. വീട് സന്ദർശിച്ച ശേഷമായിരുന്നു നവജ്യോത് ഖോസയുടെ പ്രതികരണം.