'ഹാജരാകാന്‍ കഴിയില്ലെന്ന് സിസ തോമസ്'; ഇന്ന് വിളിച്ച ഹിയറിംഗിന് എത്തിയില്ല
ഹിയറിങിന് ഹാജരാകാത്തതില്‍ സിസ തോമസിനെതിരെ കടുത്ത അച്ചടക്ക നടപടി ഉടന്‍ ഉണ്ടായേക്കില്ല
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി സിസാ തോമസ് ഇന്ന് വിളിച്ച ഹിയറിംഗിന് എത്തിയില്ല. ഹാജരാകാന്‍ കഴിയില്ലെന്ന് സിസ തോമസ് സര്‍ക്കാരിനെ അറിയിച്ചു. ഹാജരാകാന്‍ കഴിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ സിസാ തോമസ് അറിയിച്ചു. ഹിയറിങ്ങിന് ഏപ്രിൽ ആദ്യവാരം വരെ സിസ സമയം നീട്ടി ചോദിച്ചു. അതെ സമയം ഹിയറിങിന് ഹാജരാകാത്തതില്‍ സിസ തോമസിനെതിരെ കടുത്ത അച്ചടക്ക നടപടി ഉടന്‍ ഉണ്ടായേക്കില്ല. വിരമിച്ചതിന് ശേഷമുള്ള മറ്റ് നടപടികൾക്കാണ് സാധ്യത.
സാങ്കേതിക സർവകലാശാല വിസി സ്ഥാനം കൂടാതെ ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായും സിസ തോമസ് സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നിർദ്ദേശപ്രകാരമാണ് വിരമിക്കൽ ദിനത്തിൽ തന്നെ സിസാ തോമസിനോട് ഹിയറിങിന് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. അനുമതിയില്ലാതെ വൈസ് ചാൻസലർ ആയി ചുമതലയേറ്റതിൽ സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ അറിയിച്ചതിന് പിന്നാലെയാണ് വിരമിക്കൽ ദിനമായിട്ടും സർക്കാർ നീക്കം.
സർക്കാറിന്‍റെ അനുമതിയോടുകൂടി വേണമായിരുന്നു സിസാ തോമസ് പുതിയ ഉത്തരവാദിത്തം സ്വീകരിക്കാനെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സിസക്കെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കും. ആരെയും വിഷമിപ്പിക്കാൻ വേണ്ടി അല്ല നടപടിയെടുക്കുന്നതെന്നും വ്യവസ്ഥാപിതമായ ചില കാര്യങ്ങളുണ്ട് അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സിസ തോമസ് എന്തുപറയുന്നു എന്ന കാര്യം കൂടി കേട്ടു മാത്രമേ നടപടിയിലേക്ക് പോവുകയുള്ളൂ എന്നും മന്ത്രി ഇന്നലെ പറഞ്ഞു.