'തോമസ് ഐസക് എന്തിനാണ് വസ്തുതകളെ വിസ്മരിക്കുന്നത്, സത്യത്തിൽ നിന്ന് ഒളിച്ചോടുന്നത്'?- വി.ഡി സതീശൻ

'നികുതി പിരിവിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയതയും സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പലതവണ നല്‍കിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളത്തിന് ഇത്രമാത്രം നികുതി നഷ്ടം ഉണ്ടാകുമായിരുന്നോ?'

Update: 2023-09-19 14:32 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും ഇ-വേ ബില്‍ ശരിയാകാത്തത് കൊണ്ടാണ് ഐ.ജി.എസ്.ടിയില്‍ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടായതെന്ന തോമസ് ഐസക്കിന്റെ  പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞ 6 വര്‍ഷമായി ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജി.എസ്.ടി നടപ്പാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും ഇ-വേ ബില്‍ ശരിയാകാത്തത് കൊണ്ടാണ് ഐ.ജി.എസ്.ടിയില്‍ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടായതെന്ന ശ്രീ. തോമസ് ഐസക്കിന്റെ അഭിപ്രായം എന്നെ വല്ലാതെ അമ്പരപ്പിച്ചു. ഇ- വേ ബില്ലിന്റെ ഉപയോഗം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ വാഹനങ്ങളിലൂടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ വാഹനത്തില്‍ നിര്‍ബന്ധമായും കരുതേണ്ട ഒരു ഇലക്ട്രോണിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങ് ഡോക്യുമെന്റ് മാത്രമാണ് ഇ-വേ ബില്‍. (See Section 68 Read with Rule 138).

ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു. (ഇത് മുന്‍ ധനമന്ത്രിയായിരുന്ന അങ്ങയുടെ തന്നെ വാക്കുകളാണ്) എന്നാല്‍ കഴിഞ്ഞ 6 വര്‍ഷമായി ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഐ.ജി.എസ്.ടി സെറ്റില്‍മെന്റിലൂടെ പ്രതിവര്‍ഷം ലഭിക്കേണ്ട 5000 കോടി രൂപയെങ്കിലും റിട്ടേണ്‍ ഫയലിങിലെ പിഴവ് മൂലം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ കാരണം പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇക്കാര്യം ധനവകുപ്പിന്റെ കീഴിലുള്ള GIFT നടത്തിയ പഠനത്തിലും എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലും അടിവരയിട്ട് പറയുന്നുണ്ട്.

എങ്ങനെയാണ് GST ഒരു ഡെസ്റ്റിനേഷന്‍ ബേസ് ടാക്‌സ് സിസ്റ്റം ആകുന്നത്? ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 269 എ അനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ നികുതി ചുമത്താനും പിരിക്കാനും പിരിക്കുന്ന നികുതി GST കൗണ്‍സില്‍ ശുപാര്‍ശ അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുവയ്ക്കാനും അധികാരം നല്‍കുന്നുണ്ട്. ഇതനുസരിച്ച് അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ ചുമത്താനുള്ള നികുതി നിയമമാണ് 2017 ലെ ഐ.ജി.എസ്.ടി ആക്ട് (സംയോജിത ചരക്ക് സേവന നികുതി നിയമം).

ജി.എസ്.ടി ആക്ടിലെ 10, 11, 12 ,13 വകുപ്പുകള്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും Place of Supply നിര്‍വചിക്കുന്നുണ്ട്. നികുതി ചുമത്താന്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും ഡെസ്റ്റിനേഷന്‍ തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്തയാളും സ്വീകരിച്ചയാളും പ്രതിമാസം 3 എ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ടേബിള്‍ 3.1 ലും ടേബിള്‍ 4 ലും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇത് ചെയ്താല്‍ മാത്രമെ 17, 18 വകുപ്പുകള്‍ അനുസരിച്ച് അര്‍ഹമായ 50% ഐ.ജി.എസ്.ടി വിഹിതം പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കൂ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഐ.ജി.എസ്.ടി പൂളില്‍ മിച്ചം വരുന്ന പണം വാര്‍ഷികമായി പകുതി കേന്ദ്രം എടുക്കുകയും ബാക്കി സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യും.

ചില സാഹചര്യങ്ങളില്‍ ജി.എസ്.ടി ബാധകമല്ലാത്ത സാധനമോ സേവനമോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) കൃത്യമായി രേഖപ്പെടുത്താറില്ല. വന്‍തോതില്‍ സാധനങ്ങളും സേവനങ്ങളും

സംസ്ഥാനത്തേക്ക് എത്തിക്കുന്ന കേന്ദ്ര സംസ്ഥാന പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി ഒടുക്കുന്ന വ്യാപാരികള്‍, ബേക്കറി ഉടമകള്‍ എന്നിവരെല്ലാം ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്താറില്ല. ഇതിലൂടെ സംസ്ഥാനത്തിന് അര്‍ഹമായ കോടിക്കണക്കിന് രൂപയുടെ വിഹിതം ലഭിക്കാതെ പോകുന്നു. ഈ വിഷയം ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിനെ തുടര്‍ന്ന് നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വി.എസ്.എസ്.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ റിട്ടേണ്‍ ഫയലിങിലെ അപാകതയെ തുടര്‍ന്ന് ഐ.ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് നഷ്ടമാകുന്നതായി കണ്ടെത്തി. എന്നാല്‍ 1000 കോടി രൂപ തിരിച്ച് പിടിക്കുകയെന്ന നടപടി മാത്രമാണ് സംസ്ഥാനം സ്വീകരിച്ചത്. വിഷയം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ വിശദമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ (SOP) ഇറക്കി കച്ചവടക്കാര്‍ക്ക് റിട്ടേണ്‍ ഫയലിങ് പരിശീലനം നല്‍കി.

ഇനി സ്വര്‍ണ്ണം പോലുള്ള ലോഹത്തിന് ഇ-വേ ബില്‍ കൊണ്ട് വന്നാല്‍ എന്ത് മാറ്റമാണ് വരുക? പേഴ്‌സണല്‍ ബാഗേജില്‍ കൊണ്ട് വരാന്‍ പറ്റുന്ന സ്വര്‍ണത്തിന്റെ കള്ളക്കച്ചവടം ഇ-വേ ബില്ലിലൂടെ തടയാന്‍ പറ്റുമോ?

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് മൊക്കാനിസത്തിലൂടെയും സെറ്റില്‍മെന്റ് പ്രൊവിഷനുകളിലൂടെയുമാണ് ഐ.ജി.എസ്.ടി പിരിക്കേണ്ടത്. അതില്ലാത്തതു കൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഐസക്കിന്റെ കാലത്തും ഇപ്പോഴും 25000 കോടി രൂപ ഐ.ജി.എസ്.ടിയിലൂടെയും ആയിരക്കണക്കിന് കോടി രൂപ മറ്റ് നികുതി വെട്ടിപ്പിലൂടെയും കേരളത്തിന്നഷ്ടപ്പെട്ടത്. ഈ വസ്തുതയാണ് ശ്രീ. തോമസ് ഐസക്ക് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത്.

നികുതി പിരിവിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയതയും സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പലതവണ നല്‍കിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളത്തിന് ഇത്രമാത്രം നികുതി നഷ്ടം ഉണ്ടാകുമായിരുന്നോ? പ്രതിപക്ഷ നേതാവിനോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള അങ്ങയുടെ പുതിയ പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനുള്ള മറുപടി പിന്നാലെ പറയാം.

Full View



Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News