കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 'അന്വേഷണം പ്രഹസനം, സിബിഐ അന്വേഷിക്കേണ്ട കേസ്': വി.ഡി സതീശൻ
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് നടന്നിരിക്കുന്നത്. 350 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രാഥമികമായി തന്നെ കണ്ടെത്തിയിട്ടുണ്ട്. സിബിഐ പോലുള്ള ഏജൻസി അന്വേഷിക്കേണ്ട തട്ടിപ്പാണ് കരുവന്നൂരിൽ നടന്നിരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമം പാർട്ടിതലത്തിലും സർക്കാർ തലത്തിലും നടന്നിട്ടുണ്ട്. അതിനാൽ തന്നെ ക്രൈംബ്രാഞ്ചിനെ വിശ്വസിക്കാൻ പ്രയാസമുണ്ട്. മരം മുറി കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച പോലെയിരിക്കും. പാർട്ടിയാണ് തട്ടിപ്പിലെ പ്രധാന ഘടകമെന്നും വി.ഡി സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഇടപെട്ട പീഡനക്കേസിൽ സർക്കാറിന്റെ കാപട്യം മറനീക്കി പുറത്തുവന്നു. സർക്കാറിന്റെ കപട സ്ത്രീപക്ഷവാദമാണ് ചീറ്റിപ്പോയതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.