മദ്യനയം വിചിത്രം; മദ്യ വ്യാപനത്തിനായുള്ള ശ്രമമെന്ന് വി.ഡി.സതീശൻ
ലഹരി എന്ന വെല്ലുവിളിയെ നേരിടാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരുവനന്തപുരം: മദ്യ വ്യാപനം കൂട്ടുന്നതിനുള്ളതാണ് പുതിയ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനങ്ങൾ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സർക്കാറിന്. എൽഡിഎഫ് അധികാരത്തിൽ എത്തിയത് മുതൽ മദ്യ വ്യാപനത്തിനുള്ള നടപടിയാണ് എടുത്തതെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഒരു സ്ഥലത്ത് മദ്യ വ്യാപനം കൂട്ടി മറുവശത്ത് മദ്യത്തിനെതിരെ കാമ്പയിൻ നടത്തുകയാണ്. ലഹരി എന്ന വെല്ലുവിളിയെ നേരിടാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. നേരത്തെ പറഞ്ഞതിനൊക്കെ വിരുദ്ധമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, പുതിയ മദ്യനയത്തിൽ ഇടതുമുന്നണിയിൽ നിന്നുതന്നെ എതിർപ്പുയർന്നു. മദ്യനയത്തിനെതിരെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് രംഗത്തെത്തിയത്. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്തുമേഖലയെ തഴഞ്ഞെന്നുമാണ് വിമർശനം.
പുതിയ മദ്യനയം പ്രകാരം ത്രീ സ്റ്റാർ പദവിയോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിലെയും വിനോദ സഞ്ചാര മേഖലകളിലെ റിസോർട്ടുകളിലെയും വൃക്ഷം ചെത്തി കള്ള് ഉൽപ്പാദിപ്പിച്ച് അതിഥികൾക്ക് നൽകാൻ അനുവദിക്കും. എന്നാൽ രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമെ കള്ള് ചെത്താൻ അവകാശമുള്ളൂവെന്നാണ് എഐടിയുസിയുടെ വാദം.