'ഇഫ്താർ സംഗമം എന്തെന്ന് അറിയാത്തവരോട് എന്തുപറയാന്‍': കെ.വി തോമസിന് മറുപടിയുമായി സതീശൻ
'വിദ്വേഷത്തിന്റെ കാലത്ത് ഇഫ്താർ സംഗമത്തിന് വലിയ പ്രാധാന്യമുണ്ട്. അതിന്റെ അർത്ഥം അറിയാത്താവർ പുലമ്പുമ്പോൾ ഞാൻ എന്ത് പറയാനാണ്'
തിരുവനന്തപുരം: ഇഫ്താർ സംഗമം എന്താണെന്ന് അറിയാത്തൊരാളോട് എന്ത് മറുപടി പറയാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇഫ്താർ സംഗമം നടത്താൻ എനിക്ക് പാർട്ടി വിലക്കൊന്നും ഉണ്ടായിരുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
എന്റെ പാർട്ടി പ്രവർത്തകർക്കൊപ്പാണ് ഇഫ്താർ നടത്തിയത്. പാർട്ടി വിലക്കുണ്ടായിരുന്നല്ലേൽ നടത്തില്ലായിരുന്നു. കരുണാകരന്‍ തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ചെയ്തത്. വിദ്വേഷത്തിന്റെ കാലത്ത് ഇഫ്താർ സംഗമത്തിന് വലിയ പ്രാധാന്യമുണ്ട്. അതിന്റെ അർത്ഥം അറിയാത്താവർ പുലമ്പുമ്പോൾ ഞാൻ എന്ത് പറയാനാണ്-സതീശൻ പറഞ്ഞു.
അച്ചടക്കത്തിന്റെ കാര്യത്തിൽ കോൺഗ്രസിൽ ഇരട്ടനീതി പാടില്ലെന്ന് കെ.വി തോമസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കൊരു നീതിയും മറ്റുള്ളവർക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ലെന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ.ഐ.വൈ.എഫ് സെമിനാറിൽ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ് ചോദിച്ചിരുന്നു.
അതേസമയം സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ.വി തോമസ് നൽകിയ വിശദീകരണം പരിശോധിക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് അച്ചടക്ക സമിതി തീരുമാനം.
കെ.വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്ന് തന്നെയാണ് കെ.പി.സി.സി നിലപാട്. തനിക്കെതിരായ പരാതി അച്ചടക്ക സമിതി മുമ്പാകെ ഉള്ളപ്പോഴും കെ.പി.സി.സി നേതൃത്വത്തെ കെവി തോമസ് വിമർശിക്കുന്നത് തുടരുകയാണ്. ഇത് തന്നെയാണ് കെ.പി.സി.സി നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതും. ഏപ്രിൽ പതിനൊന്നിന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിന് എതിരായ പരാതി പരിശോധിച്ചത്. യോഗത്തിന്റെ തീരുമാനപ്രകാരമാണ് കെ.വി തോമസിനോട് സമിതി വിശദീകരണം ആവശ്യപ്പെട്ടതും.
Summary- VD Satheesan Reply to KV Thomas criticism of attending Iftar with CM