മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് വി.ഡി സതീശന്‍
മുല്ലപ്പെരിയാറിനെക്കുറിച്ച് കേരളം സമ്പൂര്‍ണ അജ്ഞതയിലാണെന്നും സതീശന്‍ പറഞ്ഞു
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പെരിയാറിനെക്കുറിച്ച് കേരളം സമ്പൂര്‍ണ അജ്ഞതയിലാണെന്നും സതീശന്‍ പറഞ്ഞു. ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
മുല്ലപ്പെരിയാറിൽ പ്രശ്നത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസിന്‍റെ ഉപവാസം. രാവിലെ 10ന് ആരംഭിച്ച ഉപവാസം നാളെ പത്ത് മണിക്ക് അവസാനിപ്പിക്കും. തമിഴ്നാടിന് ജലം നൽകുന്നതിന് എതിരല്ലെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതിയ ഡാം നിര്‍മ്മിക്കുകയാണ് പ്രശ്നത്തിന് പരിഹാരം. മുല്ലപ്പെരിയാറിനെ കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ പോലും കേരളത്തിന്‍റെ കയ്യിലില്ല. വിവാദങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.
തമിഴ്നാടിന് കത്തയക്കുമ്പോൾ പോലും സംസ്ഥാനത്തിന്‍റെ ശക്തമായ പ്രതിഷേധം അറിയിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് ഡീൻ കുര്യക്കോസ് എം.പി കുറ്റപ്പെടുത്തി. ഇന്നലെ രാത്രിയിൽ 9 ഷട്ടറുകൾ 60 സെന്‍റിമീറ്റർ വരെ ഉയർത്തി 7200 ഘനയടി വെള്ളം സെക്കന്‍റില്‍ പുറത്തേക്ക് ഒഴുക്കി. നിലവിൽ ഒരു ഷട്ടർ 10 സെന്‍റിമീറ്റർ മാത്രമാണ് തുറന്നിരിക്കുന്നത്. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി ഡാമിൽ ജലനിരപ്പ് 2400 അടിയിലേറെയായി.