മുനമ്പം വിഷയം: പത്ത് മിനിറ്റിൽ തീർക്കാവുന്ന ​പ്രശ്നം സർക്കാർ വലിച്ചുനീട്ടുന്നു -വി.ഡി സതീശൻ

‘നിയമസഭയിൽ ആദ്യദിവസം തന്നെ പ്രമേയം കൊണ്ടുവരും’

Update: 2024-12-02 12:44 GMT
Advertising

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുനമ്പം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അർപ്പിക്കുകയായിരുന്നു അദ്ദേഹം. പത്ത് മിനിറ്റിൽ തീർക്കാവുന്ന ​പ്രശ്നം സർക്കാർ വലിച്ചുനീട്ടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം നടക്കും. നിയമസഭയിൽ ആദ്യദിവസം തന്നെ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിബന്ധനകൾ വെച്ചത് കൊണ്ട് ഭൂമി വഖഫല്ല. ഫറൂഖ് കോളജ് വില വാങ്ങി എന്നതിനർത്ഥം വിറ്റ ഭൂമി ആണെന്നാണ്. ക്രയവിക്രയം നടന്നിട്ടുണ്ട്. ഭൂമി ജനങ്ങൾക്ക് പൂർണമായി അവകാശപ്പെട്ടതാണ്.

കർണാടകയിൽ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ കർഷക ഭൂമിയെന്ന് തീരുമാനമെടുത്തത് കോൺഗ്രസാണ്. സമാന പ്രശ്നം ഇങ്ങനെയാണ് കർണാടകയിൽ കോൺഗ്രസ് സർക്കാർ പരിഹരിച്ചത്. പക്ഷെ, കേരളത്തിൽ പ്രശ്നം വലിച്ച് നീട്ടിക്കൊണ്ടുപോകുകയാണ്.

വഖ്ഫ് ബില്ലിന് ശേഷം അടുത്തത് വരുന്നത് ചർച്ച് ബില്ലാണ്. വഖ്ഫ് ബിൽ പാസായാൽ ഇവിടത്തെ പാവങ്ങൾക്ക് ഭൂമി കിട്ടില്ല. അതും ഇതും ബന്ധിപ്പിക്കാൻ പലരും ശ്രമിക്കുകയാണെന്നും അതുമായി ബന്ധമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

ജുഡിഷ്യൽ കമ്മീഷൻ വേഗത്തിൽ റിപ്പോർട്ട് നൽകണം. പ്രതിപക്ഷം കത്ത് നൽകിയ ശേഷമാണ് സർക്കാർ ഉന്നതതല യോഗം വിളിച്ചത്. മുനമ്പത്തു​കാരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാടിന് ഒപ്പം നിൽക്കും. അതിൽ രാഷ്ട്രീയം കലർത്തില്ല. ഒരുമിച്ച് പ്രശ്നം പരിഹരിക്കാം. വിദ്വേഷം സൃഷ്ടിക്കുകയാണ് പലരും. ക്രൈസ്തവ-മുസ്‌ലിം പ്രശ്നമാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതിന് കുടപിടിച്ച് കൊടുക്കരുത്.

മുനമ്പത്തുകാരുടെ ആവശ്യത്തിന് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും പിന്തുണ നൽകി. ഇതിൽ അഭിമാനം തോന്നുന്നു. മുനമ്പത്തുകാർക്ക് വേണ്ടി എല്ലാവരും ഒരുമിച്ചാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News