സൈബർ ആക്രമണം ഉണ്ടായാൽ കൂടുതല്‍ പേര്‍ സിനിമ കാണും; 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന് പിന്തുണയുമായി വി.ഡി സതീശന്‍
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്
തിരുവനന്തപുരം: കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും അദ്ദേഹം പറഞ്ഞു.
റോഡിൽ കുഴിയുണ്ടെന്ന് പറയുമ്പോൾ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി പറയുന്നു. റോഡിലെ കുഴിയെക്കുറിച്ച് പറയുമ്പോള്‍ കൊതുകു കടി കൊള്ളണമെന്നുള്ള വിചിത്രമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നിപ്പോള്‍ ദേശാഭിമാനി പത്രത്തിന്‍റെ മുന്‍പേജില്‍ വന്ന ഒരു സിനിമയുടെ പരസ്യത്തിലുമുണ്ട് 'തിയറ്ററിലേക്ക് വരുമ്പോള്‍ കുഴിയുണ്ട് എന്നാലും വരാതിരിക്കരുത്' എന്ന്. പൊതുധാരണയാണത്. ജനങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിങ്ങള്‍ സമൂഹമാധ്യമങ്ങള്‍ നോക്കൂ. വിവിധ സ്ഥലങ്ങളിലെ റോഡുകളിലെ കുഴികളുടെ ചിത്രങ്ങള്‍ ആളുകള്‍ പുറത്തുവിടുകയാണ്. അതിലെന്തു രാഷ്ട്രീയമാണുള്ളത്. അപകടങ്ങള്‍ ഉണ്ടാവരുത്. മനുഷ്യന്‍റെ ജീവന്‍ പൊലിയരുത്. കയ്യും കാലുമൊടിഞ്ഞ് ആളുകള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. നമ്മളൊക്കെ യാത്ര ചെയ്യുന്ന ആളുകളല്ലേ? എന്നും സതീശന്‍ ചോദിച്ചു.
'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്‍റെ റിലീസിന്‍റെ ഭാഗമായുള്ള പരസ്യത്തിന് പിന്നാലെയാണ് സൈബർ ആക്രമണം നടക്കുന്നത്. തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് ചിത്രത്തിന്‍റെ പരസ്യവാചകം.