'മേയറുടെ കത്ത് സിപിഎമ്മിന്റെ വൃത്തികേടിന്റെ തെളിവ്'; മേയർ രാജിവെക്കണമെന്ന് വി.ഡി സതീശൻ
'മേയർ സ്ഥാനത്ത് നിന്നു പുറത്താക്കാൻ സിപിഎം തയ്യാറാകണം'
തിരുവനന്തപുരം: മേയർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അല്ലെങ്കിൽ മേയർ സ്ഥാനത്ത് നിന്നു പുറത്താക്കാൻ സിപിഎം തയ്യാറാകണം സി.പി.എം കൂടി അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടാണിതെന്നും സതീശൻ പറഞ്ഞു. നേരത്തെയും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യാപകമായി പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. താൽക്കാലിക നിയമനം ലഭിച്ച പലരും ഇപ്പോഴും ജോലിയിൽ തുടരുകയാണ്. പത്ത് വർഷം കഴിയുമ്പോൾ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ബാധിക്കുന്നത് പി.എസ്.സി ഉദ്യോഗാർഥികളെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മേയറുടെ കത്ത് സിപിഎമ്മിന്റെ വൃത്തികേടിന്റെ തെളിവാണ്. ഇവിടെ അസംബന്ധം കാണിച്ച് ഡൽഹിയിൽ പോയി സമരം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ഒന്നാം തിയതി താൻ സ്ഥലത്ത് ഇല്ലായിരിന്നു. പരാതി നൽകുന്നതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. അതിനിടെ കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി പാർട്ടിക്ക് നേരത്തേ അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.നഗര സഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിൽ ആണ് കത്ത് നൽകിയത്.