ഡൽഹിയിൽ വിദ്യാർഥികളുടെ മരണം: കോച്ചിങ് സെന്റർ പ്രവർത്തനം നിയമപരമായിരുന്നോ എന്ന് പരിശോധിക്കണമെന്ന് വി.ഡി സതീശൻ

'നെവിൻ മിടുക്കനായ വിദ്യാർഥിയായിരുന്നു. ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ കൂടിയാണ് പൊലിയുന്നത്'.

Update: 2024-07-28 13:00 GMT
Advertising

ന്യൂ‍ഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിങ് കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്യാർഥികളുടെ മരണം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ജെ.എൻ.യുവിൽ എം.ഫിൽ വിദ്യാർഥിയായിരുന്ന നെവിൻ സിവിൽ സർവീസ് കോച്ചിങ്ങിനായാണ് ഡൽഹിയിൽ തുടർന്നത്. നെവിൻ മിടുക്കനായ വിദ്യാർഥിയായിരുന്നു. ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ കൂടിയാണ് പൊലിയുന്നത്. ഐ.എ.എസ് അക്കാദമിയുടെ ലൈബ്രറിയിൽ വെള്ളം കയറി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന പരാതിയുണ്ട്. ഇക്കാര്യം ഡൽഹി സർക്കാർ പരിശോധിക്കണം.

അക്കാദമിയുടെ നിർമാണവും പ്രവർത്തനവും നിയമപരമായിരുന്നോ എന്നതിലും പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെവിൻ്റെ കുടുംബവും സുഹൃത്തുക്കളും ഒരു നാട് തന്നെയും സങ്കടക്കടലിലാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ഡി സതീശൻ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. എറണാകുളം അങ്കമാലി സ്വദേശിയായ നെവിൻ ഡാൽവിൻ (28), യു.പി അംബേദ്കർ ന​ഗർ സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തനിയ സോണി (25) എന്നിവരാണ് കോച്ചിങ് സെന്ററിൽ മുങ്ങിമരിച്ച വിദ്യാർഥികൾ. കെട്ടിടത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.

സംഭവത്തിൽ വൻ പ്രതിഷേധമാണ് വിദ്യാര്‍ഥികളിൽ നിന്നുണ്ടായത്. കെട്ടിടത്തിൽ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അപകടത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ കോച്ചിങ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന രാജേന്ദ്ര നഗറിലെ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ ഉടമ അഭിഷേക് ​ഗുപ്ത, കോഡിനേറ്റർ ദേശ്പാൽ സിങ് എന്നിവരാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ മൂലമുള്ള മരണം എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News