'വീണ്ടും കൊല്ലുന്നതിന് തുല്യം'; സി.കെ ശ്രീധരൻ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്; : വി.ഡി സതീശൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ഹാജരാകുന്നത് മുൻ കോൺഗ്രസ് നേതാവായ സി.കെ ശ്രീധരനാണ്.
തിരുവനന്തപുരം: അഭിഭാഷകവൃത്തിയുടെ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയാണ് സി.കെ ശ്രീധരൻ ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽ പോയി മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവർക്കുവേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആൾ പ്രതികൾക്കുവേണ്ടി ഹാജരായതിൽ എന്ത് ധാർമികതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് സി.കെ ശ്രീധരൻ ചെയ്തത്. ഒരിക്കൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ വീണ്ടും കൊലപ്പെടുത്തുന്നതിന് തുല്യമാണിതെന്നും സതീശൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ഹാജരാകുന്നത് മുൻ കോൺഗ്രസ് നേതാവായ സി.കെ ശ്രീധരനാണ്. അടുത്തിടെയാണ് അദ്ദേഹം സി.പി.എമ്മിൽ ചേർന്നത്. ഇതിന് മുമ്പ് കൊല്ലപ്പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെട്ട് കേസിന്റെ രേഖകൾ അദ്ദേഹം കൈക്കലാക്കിയിരുന്നു എന്നാണ് കൃപേഷിന്റെയും ശരത്‌ലാലിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്.