"പ്രതിഷേധങ്ങളെ കായികമായി നേരിട്ടാൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും"; വി.ഡി സതീശൻ
"വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്"
തിരുവനന്തപുരം: നവകേരള സദസ്സിന്റെ പേരിൽ നടക്കുന്നത് സിപിഎമ്മിന്റെ അഴിഞ്ഞാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും പ്രതിഷേധങ്ങളെ കായികപരമായാണ് നേരിടുന്നതെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം:
നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമിനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്.
യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും , ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയും