'അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തി തിരിച്ചുവരാം' ചെറിയാൻ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് 'വീക്ഷണം'

കോൺഗ്രസിനെ ചതിച്ച ചെറിയാനെ സി.പി.എം ചതിച്ചുവെന്നും തിരിച്ചുവരികയാണെങ്കിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ അദ്ദേഹത്തെ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് മുഖപത്രം വ്യക്തമാക്കി.

Update: 2021-04-19 02:55 GMT
Advertising

ഇടതുപക്ഷം രാജ്യസഭാ സീറ്റ് നിഷേധിച്ചതോടെ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തി തിരിച്ചുവന്നാല്‍ സ്വീകരിക്കാം എന്നായിരുന്നു വീക്ഷണത്തിന്‍റെ മുഖപ്രസംഗം. കോൺഗ്രസിനെ ചതിച്ച ചെറിയാനെ സി.പി.എം ചതിച്ചുവെന്നും തിരിച്ചുവരികയാണെങ്കിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ അദ്ദേഹത്തെ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് മുഖപത്രം വ്യക്തമാക്കി. ആദ്യകാലത്ത് കോണ്‍ഗ്രസിലായിരിക്കെ എ.കെ ആന്‍റണിയുടേയും ഉമ്മന്‍ ചാണ്ടിയും വിശ്വസ്തരില്‍ ഒരാളായിരുന്ന ചെറിയാന്‍ ഫിലിപ്പ് പിന്നീട് കോണ്‍ഗ്രസ് വിട്ട് ഇടത് പാളയത്തിലെത്തുകയായിരുന്നു. വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പിന്‍റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പെന്നും രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് വട്ടം വഞ്ചിച്ചെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ ആരോപിച്ചു.

ഇത്തവണ രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പിന്‍റെ പേരായിരുന്നു സി.പി.എം ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത് എന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജ്യസഭയിലേക്കുള്ള സി.പി.എം പ്രതിനിധികളെ പ്രഖ്യാപിച്ചപ്പോള്‍ ചെറിയാന്‍ ഫിലിപ്പിന്‍റെ പേരുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസിനെയും, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ഡോ വി ശിവദാസനെയുമാണ് സി.പി.ഐ.എം രാജ്യസഭയിലേക്ക് പരിഗണിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് പുതിയ പുസ്തകം എഴുതാന്‍ പോകുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വരുന്നത്. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പുസ്തകത്തിലൂടെ പ്രതിപാദിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ചെറിയാന്‍ ഫിലിപ്പ് വീണ്ടും പുസ്തകരചനയിലേക്ക് കടന്നതെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനം. കോണ്‍ഗ്രസ് വിട്ട് വന്നതിന് ശേഷം മൂന്ന് തവണ ഇടത് സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും തോല്‍വിയായിരുന്നു ഫലം.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News