സിക്ക വൈറസ്: അമിത ഭീതി വേണ്ട, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി
കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തിൽ പ്രധാനമാണ്.
സിക്ക വൈറസിന്‍റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്നലെ ആരോഗ്യ പ്രവർത്തകർ അടക്കം 13 പേർക്ക് സിക്ക രോഗം സ്ഥിരീകരിച്ചു. കൃത്യമായ അക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നെന്നും മന്ത്രി പറഞ്ഞു.
കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തിൽ പ്രധാനമാണ്. ഇത് ഒരു തരം പനിയാണ് എന്നാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം പ്രതിരോധത്തിനായി ഉറപ്പ് വരുത്തും. മഴക്കാല രോഗങ്ങളും മരണങ്ങളും ഇത്തവണ കുറവായിരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗവാഹകര്‍. സിക്ക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജനം ശക്തിപ്പെടുത്തേണ്ടി വരും.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നതാണ് മുഖ്യലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ആവശ്യമായ വാക്സിൻ സംസ്ഥാനത്ത് എത്തുന്നില്ല എന്നതാണ് യാഥാർഥ്യം. ആളുകളുടെ എണ്ണത്തിന് അനുസരിച്ചല്ല രോഗം വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വാക്സിൻ ലഭ്യമാവേണ്ടത്. ഓക്സിജനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണ്. നിലവിൽ ബുദ്ധിമുട്ടുകളില്ലെന്നും മന്ത്രി വിശദീകരിച്ചു.
കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അതിലൂടെയാണ് ഇപ്പോഴും നമ്മൾ മുന്നോട് പോകുന്നത്. പ്രവാസികളുടെ കോവിഡ് വാക്സിനേഷനില്‍ സർക്കാർ നേരത്തെ തീരുമാനം എടുത്തതാണ്. കൃത്യമായ രേഖകളോടെ ഡിഎംഒ ഓഫീസിൽ എത്തുന്നവർക്ക് വാക്സിൻ നിർബന്ധമായും നൽകണം. കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിട്ടുപോയ പേരുകൾ കൂട്ടിച്ചേർക്കാൻ 4 ദിവസം കൂടി വേണമെന്ന് ജില്ലാ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമയം ദീർഘിപ്പിച്ചു നൽകിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.