എഡിഎമ്മിൻ്റെ മരണം; ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീൻ ബാബുവെന്ന് മന്ത്രി വീണാ ജോർജ്
'പ്രശാന്തൻ നിലവിൽ സർക്കാർ ജീവനക്കാരനല്ല, സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്ന് അന്വേഷിക്കും'
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി ദിവ്യയെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. വിദ്യാർഥി ജീവിതകാലം മുതൽ അദ്ദേഹത്തെ അറിയാം. ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീൻ ബാബുവെന്ന് മന്ത്രി പറഞ്ഞു. '2018ലെ പ്രളയസമയത്തും കോവിഡ് കാലത്തും എൻ്റെ കൂടെ പ്രവർത്തിച്ച ഓഫീസറാണ് നവീൻ ബാബു.'- മന്ത്രി പറഞ്ഞു.
'പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് റഗുലറൈസേഷൻ നടക്കുകയാണ്. പ്രശാന്തനെ റഗുലറൈസ് ചെയ്ത് സർക്കാർ ജീവനക്കാരനാക്കിയിട്ടില്ല. എന്നാൽ ഇയാൾ ഈ പ്രക്രിയയിലുള്ളയാളാണ്. എന്നാൽ ഇതുമായി മുന്നോട്ട് പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ടി.വി പ്രശാന്തൻ സർവീസിൽ വേണ്ട എന്നാണ് തീരുമാനം. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും.'- മന്ത്രി പറഞ്ഞു.
'സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. പ്രശാന്തനാണോ പമ്പിൻ്റെ അപേക്ഷകൻ എന്ന് മെഡിക്കൽ കോളേജിനറിയില്ല. അഡീഷണൽ ചീഫ് സെക്രട്ടറി, ജോയിൻ്റ് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്നിവർ പരിയാരത്തുപോയി സംഭവം അന്വേഷിക്കും.'- മന്ത്രി കൂട്ടിച്ചേർത്തു.